തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ച് 13 മരണം, നിരവധിപേ‌ർ ആശുപത്രിയിൽ

Wednesday 19 June 2024 7:52 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. നാല്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ് ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടനിലയിലുള്ള പത്തോളം പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്‌മറിലേക്ക് മാറ്റി. വ്യാജമദ്യം വിറ്റെന്ന് കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യം പിടിച്ചെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥീരികരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറച്ചി കളക്ടർ ശ്രാവൺകുമാർ ഷെഖാവത്തിനെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ട് സമയ്‌സിംഗ് മീണയെ അന്വേഷണവിധേയമായി സസ്പെൻഡും ചെയ്തു. എം.എസ് പ്രശാന്തിനെ പുതിയ കളക്ടറായും രജത് ചതുർവേദയെ ജില്ലാ പൊലീസ് സൂപ്രണ്ടായും നിയമിച്ചു.

ചൊവ്വാഴ്ചരാത്രി കൂലിപ്പണിക്കാർ കരുണാപുരത്തെ വ്യാജമദ്യ വില്പനക്കാരിൽ നിന് മദ്യം വാങ്ങിക്കഴിച്ചിരുന്നു. വീട്ടിലെത്തിയത് മുതൽ ഇവർക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ബന്ധുക്കൾ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്.

എന്നാൽ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നായികരുന്നു ശ്രാവൺകുമാർ പറഞ്ഞത്. മൂന്നുപേർ വീട്ടിൽ വച്ചാണ് മരിച്ചത്. ഒരാൾ വയറുവേദനയെ തുടർന്നാണ് മരിച്ചത്. മറ്റൊരാൾക്ക് അപസ്മാരമുണ്ടായി. ഒരാൾ പ്രായാധിക്യത്തെ തുടർന്നും മരിച്ചു. രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്നണ് മരണങ്ങൾ എന്ന് തമിഴ്‌നാട് സർക്കാർ പ്രസ്താവന ഇറക്കുകയായിരുന്നു,​ ഇതിനൊപ്പം തന്നെ കളക്ടർക്കും എസ്.പിക്കുമെതിരായ നടപടിയും സർക്കാർ പ്രഖ്യാപിച്ചത്.

അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായ ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് കെ.അണ്ണാമലൈ രംഗത്തെത്തി. വ്യാജമദ്യം ഉണ്ടാക്കുന്നവരുമായി ഡി.എം.കെ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. എക്സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലെ ആവശ്യപ്പെട്ടു.

Advertisement
Advertisement