400ല്‍ നിന്ന് കിലോയ്ക്ക് വില കുത്തനെ കുറയും, മലയാളിയുടെ തീന്‍മേശയിലേക്ക് അവര്‍ മത്തി തിരിച്ചെത്തിക്കും

Wednesday 19 June 2024 8:23 PM IST

തിരുവനന്തപുരം: കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും ഏറ്റവും അധികം വാങ്ങിയിരുന്ന മത്സ്യമാണ് മത്തി. വിലക്കുറവും ഒപ്പം പോഷക ഗുണങ്ങളുമാണ് മത്തിയെ മലയാളിക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി മത്തിയുടെ റെയ്ഞ്ച് അങ്ങ് മാറി. കിലോയ്ക്ക് 200 മുതല്‍ 250 രൂപ നല്‍കിയാല്‍ കിട്ടിയിരുന്ന മത്തി വാങ്ങണമെങ്കില്‍ ഇപ്പോള്‍ ബീഫിന്റെ അതേ വില നല്‍കേണ്ട അവസ്ഥയാണ്. ഒരു കിലോയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ 400 പിന്നിട്ടിരുന്നു.

വില കൂടിയതോടെ മത്തി വാങ്ങുന്നത് കുത്തനെ കുറയുകയും ചെയ്തു. മത്തി ആളാകെ മാറിപ്പോയത് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളായി വരെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മത്തിയുടെ വില കുത്തനെ കുറയുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവിലുണ്ട്. അതുകൊണ്ട് തന്നെ ആഴക്കടലില്‍ പോയി മീന്‍ കൊണ്ടുവരികയെന്നത് സാദ്ധ്യമല്ല. എന്നാല്‍ മലയാളികളുടെ മത്തി പ്രേമം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് തമിഴ്‌നാട്ടിലെ മത്സ്യ കയറ്റുമതിക്കാര്‍.

കേരളാതീരത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുമ്പോഴും തമിഴ്നാട്ടില്‍ നിന്നുള്ള മത്തിയുടെ വരവ് കൂടുന്നതാണ് വിലക്കുറവിലേക്ക് നയിക്കുക. തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം ജൂണ്‍ 15ന് അവസാനിച്ചിരുന്നു. അവിടെ നിന്നുള്ള മത്തി കൂടുതലായി എത്തി തുടങ്ങിയതോടെ 360-380 രൂപയിലേക്ക് വില കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വില 250 രൂപ നിരക്കിലെത്തുമെന്നാണ് കച്ചവടക്കാരും പറയുന്നത്. വേനല്‍ക്കാലത്ത് കടലിലും ചൂട് കൂടിയതോടെ മാസങ്ങളായി കേരളാ തീരത്തും പഴയത് പോലെ മത്തി കിട്ടുന്നില്ല.

ഏപ്രില്‍ മുതല്‍ തമിഴ്‌നാട്ടിലും ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് സുലഭമായി കുറഞ്ഞ വിലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന മത്തിയുടെ വില കൂടിയത്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 26-27 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാന്‍ സാധിക്കൂ. ഇത്തവണ 30-32 ഡിഗ്രി വരെ കടലിലെ ചൂട് ഉയര്‍ന്നത് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്തു.

ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങള്‍ കേരളാതീരത്ത് മത്തി ലഭ്യത സാധാരണയായി വളരെ കുറവാണ്. ഇത്തവണ പക്ഷേ ലഭ്യതയില്‍ പതിവില്‍ അധികം കുറവ് വന്നു. കടല്‍ ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസമായിരുന്നു കാരണം. കേരളാതീരത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ചൂടു കൂടിയതിനാല്‍ മത്തി കൂട്ടമായി ആഴക്കടലിലേക്ക് പോയി. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ അഭാവം മൂലം മത്തിയുടെ വളര്‍ച്ച മുരടിച്ചു പോയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Advertisement
Advertisement