അണപ്പാട് - ഭജനമഠം റോഡിൽ കുഴികൾ ചാടിക്കടന്നൊരു യാത്ര

Thursday 20 June 2024 4:49 AM IST

മലയിൻകീഴ്: അണപ്പാട് - ഭജനമഠം റോഡ് എത്തിയാൽ യാത്രക്കാർ ഒന്നു നിൽക്കും. കാരണം റോഡാണോ അതോ വഴിതെറ്റി ഏതോ കുളത്തിൽ എത്തിയതാണോ എന്ന സംശയം തന്നെ. മഴ പെയ്തതോടെ റോഡിലെ ടാർ മുഴുവൻ ഒലിച്ചുപോയി വൻ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.

14 വർഷം മുൻപ് ജില്ലാപഞ്ചായത്ത്,ഗ്രാമപഞ്ചായത്തിന്റെയും തനത് ഫണ്ട് വിനിയോഗിച്ച് ടാറിംഗ് നടത്തിയ റോഡിപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്. റോഡിന്റെ ചില ഭാഗങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇതുവഴിയുള്ള കാൽനടയാത്രപോലും ദുരിതമാണ്.

മാറനല്ലൂർ പഞ്ചായത്തിലെ കുഴിവിള വാർഡുകളിലും, അഴകം വാർഡിലെ ഒരുഭാഗവും മലയിൻകീഴ് പഞ്ചായത്തിലെ അന്തിയൂർക്കോണം വാർഡിലുമായിട്ടാണ് ഈ റോഡ് ഉൾപ്പെടുന്നത്.

റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പൊതുപ്രവർത്തകരും ജനപ്രതിനിധികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. നിരവധി സ്കൂൾ ബസുകൾ ഇതുവഴി കടന്നുപോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള അണപ്പാട് - ഭജനമഠം റോഡ് അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

റോഡ് അവസാനമായി നവീകരിച്ചത് - 14 വർഷം മുൻപ്

തകർന്നു കിടക്കുന്നത്

മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതാണ് ഈ റോഡ്. അണപ്പാട് - പോങ്ങുംമൂട് പ്രധാന റോഡിൽ അണപ്പാട് പാലത്തിനു സമീപത്തു നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. നെല്ലിക്കാട്,അന്തിയൂർക്കോണം,കല്ലുവരമ്പ്,കണ്ടല,തൂങ്ങാംപാറ,പോങ്ങുംമൂട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗവുമാണിത്. അണപ്പാട്,ഭജന മഠം,കുഴിവിള ഭാഗത്തുള്ളവർക്ക് കിള്ളി,കാട്ടാക്കട ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാർഗവുമാണീ റോഡ്.

ബസും ഇല്ല

ഇതുവഴി നേരത്തെ കെ.എസ്.ആർ.ടി.സി സർവീസ് നെല്ലിക്കാട് വരെയുണ്ടായിരുന്നു. ദിവസേന രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി 4 സർവീസാണ് ഉണ്ടായിരുന്നത്.എന്നാൽ റോഡ് കുളമായതോടെ സർവീസുകൾ നിറുത്തലാക്കി.ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി മാറനല്ലൂർ പഞ്ചായത്ത് ബസ് സർവീസ് പുനഃരാരംഭിച്ചെങ്കിലും മാസങ്ങൾക്കൊടുവിൽ വീണ്ടും നിറുത്തലാക്കിയിരിക്കുകയാണ്.

റോഡിന് കുറുകെയുള്ള കലുങ്ങ് ഭാഗത്ത് കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നിൽക്കുന്നത് അപകടക്കെണിയായിട്ടുണ്ട്. രാത്രിയിൽ ഇതുവഴി പോയാൽ അപകടമുണ്ടാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.

അണപ്പാട് - ഭജനമഠം റോഡ് സഞ്ചാരയോഗ്യമാക്കി യാത്രാക്ലേശം പരിഹരിക്കും.റോഡ് നവീകരിക്കുന്നതിന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹായവും തേടും.
എ.സുരേഷ് കുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

ക്യാപ്ഷൻ: മഴ പെയ്തതോടെ കുളമായി കിടക്കുന്ന അണപ്പാട് - ഭജനമഠം റോഡ്

Advertisement
Advertisement