എരഞ്ഞോളി സ്ഫോടനം: ബോംബിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് 

Wednesday 19 June 2024 9:13 PM IST

കണ്ണൂർ:തലശ്ശേരിയിലെ എരഞ്ഞോളിയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്‌ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. പറമ്പിൽ നിന്നാണ് മരിച്ച വേലായുധന് ബോംബ് ലഭിച്ചതെന്നാണ് നിഗമനം.

സ്ഫോടനം നടന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഇദ്ദേഹം തേങ്ങയും വിറകും ശേഖരിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇത്തരത്തിൽ ഒരു സ്റ്റീൽ പാത്രം നേരത്തെ അവിടെ ഉണ്ടായിരുന്നെങ്കിൽ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നു.കഴിഞ്ഞ ദിവസം പുന്നോൽ കുറിച്ചിയിൽ മണിയൂർ വയലിലെ പായറ്റ സനൂപ് എന്ന ആർ.എസ്.എസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നതിനിടെ ആരെങ്കിലും ഈ വീട്ടുപറമ്പിൽ ബോംബ് ഉപേക്ഷിച്ചതാണോയെന്ന സംശയവും പൊലീസിനുണ്ട്.

ആൾത്താമസമില്ലാത്ത വീടുകളുടെ പട്ടിക എടുക്കും

ആൾ താമസമില്ലാത്ത വീടുകളുടെയും പറമ്പുകളുടെയും പട്ടിക തയ്യാറാക്കാൻ സ്‌പെഷൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പട്ടിക തയ്യാറായാൽ ഉടൻ തന്നെ പ്രത്യേക ടീമിനെ നിയോഗിച്ച് പരിശോധനകൾ ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ന്യൂ മാഹിയിൽ രൂപപ്പെട്ട സി.പി.എം-ബി.ജെ.പി. സംഘർഷത്തിന് പിന്നാലെയും പൊലീസ് പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഈ ഘട്ടത്തിൽ ബോംബ് ആളൊഴിഞ്ഞ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം വൃദ്ധന്റെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

ബോംബ് ,​ഡോഗ് സ്ക്വാഡുമായി പൊലീസ്

കണ്ണൂർ:സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണവും ദുരുപയോഗവും തടയുന്നതിന് ശക്തമായ പരിശോധനകളുമായി ജില്ലാ പോലീസ്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് ക്വാറി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡുകൾ ആരംഭിച്ചു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിംഗും നടന്നു വരികയാണ്.

വേലായുധന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

തലശേരി : തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം എരഞ്ഞോളി കുടക്കളത്തെ ആയിനിയോട്ട് മീത്തൽ വീട്ടിലെത്തിച്ച വേലായുധന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. സി.പി.എം നേതാക്കളായ എം.സി.പവിത്രൻ, കാരായി രാജൻ, സി.കെ.രമേശൻ, ടി.പി.ശ്രിധരൻ, കാരായി ചന്ദ്രശേഖരൻ , പി.പി.സനൽ, മുഹമ്മദ് അഫ്സൽ, സി.പി. ഐ. നേതാക്കളായ സി.എൻ.ചന്ദ്രൻ, സി.പി.ഷൈജൻ,പി.പി.സന്തോഷ് കുമാർ, എ.പ്രദീപൻ, കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, സജീവ് മാറോളി, എം.പി.അരവിന്ദാക്ഷൻ, കെ.പി.സാജു, ബി.ജെ.പി.നേതാക്കളായ എൻ. ഹരിദാസ്, സി.രഘുനാഥ്, കെ. വിജേഷ്,കെ. അജേഷ് എന്നിവരും മറ്റ് പാർട്ടി പ്രതിനിധികളും അന്ത്യാഞ്ജലിയർപ്പിച്ചു.കുണ്ടുചിറ വാതക ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങ്.

Advertisement
Advertisement