സിപിഎമ്മിനൊപ്പം ചേർന്നപ്പോൾ പാർട്ടിയ്‌ക്ക് നഷ്‌ടം മാത്രം,​ എൽഡിഎഫ് വിട്ട് യുഡിഎഫിൽ പോയാലും തെറ്റില്ലെന്ന് സിപിഐ

Wednesday 19 June 2024 9:27 PM IST

തൊടുപുഴ: മുന്നണിമാറ്റമാണ് ഉചിതമെന്ന അഭിപ്രായവുമായി സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗം. സ്വന്തം പാർട്ടിയിലെ മന്ത്രിമാരെയും സിപിഎമ്മിനെയും ജില്ലാ കൗൺസിലിൽ രൂക്ഷമായി വിമർശിച്ചു. ഇടതുമുന്നണിയിൽ നിന്നതുകൊണ്ട് പാർ‌ട്ടിയ്‌‌ക്ക് യാതൊരു ഗുണവുമുണ്ടായില്ലെന്നാണ് ജില്ലാ കൗൺസിലിലുണ്ടായ പൊതുവികാരം. ദേശീയരാഷ്‌ട്രീയത്തിൽ ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനൊപ്പമായതിനാൽ കേരളത്തിൽ എൽ.ഡി.എഫ് വിട്ട് യുഡിഎഫിൽ ചേർന്നാലും തെറ്റില്ലെന്ന് സിപിഐ വിലയിരുത്തി. മുൻപ് കോൺഗ്രസിനൊപ്പമായിരുന്ന സമയത്ത് പാർട്ടിയ്‌ക്ക് കേരളത്തിൽ രണ്ട് മുഖ്യമന്ത്രിമാരെ ലഭിച്ചിരുന്നതായും എന്നാൽ സിപിഎമ്മിനൊപ്പം ചേർന്നതോടെ പാർട്ടിയ്‌ക്ക് നഷ്‌ടം മാത്രമാണുണ്ടായതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

ഭൂപ്രശ്‌നങ്ങളാണ് ജില്ലയിൽ പരാജയകാരണമായത്. ഇക്കാര്യത്തിൽ റവന്യുവകുപ്പിന് ഉത്തരവാദിത്വമുണ്ട്. കേരള കോൺഗ്രസ് മുന്നണിയിലേക്ക് വന്നതുകൊണ്ട് ഗുണമുണ്ടായില്ല. തോറ്റിട്ടും സിപിഎം കേരള കോൺഗ്രസിന് അമിത പ്രാധാന്യം കൊടുക്കുന്നു. കേരള കോൺഗ്രസ് മേഖലയിൽ പോലും മുന്നണിയ്‌ക്ക് വോട്ട് വർദ്ധന ഉണ്ടായില്ല. മന്ത്രി റോഷി അഗസ്‌റ്റിന്റെ മണ്ഡലത്തിൽ പോലും വോട്ടുവർദ്ധന ഉണ്ടായില്ല.

മുഖ്യമന്ത്രിയ്‌ക്കും മന്ത്രിസഭയ്‌ക്കുമെതികെ കൗൺസിലിൽ നിശിത വിമർ‌ശനമാണ് ഉണ്ടായത്. മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി. നരേന്ദ്ര മോദി ജനങ്ങളുമായി അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു. ധനവകുപ്പ് സിപിഐയുടെ വകുപ്പുകളുടെ പ്രതിച്ഛായ നഷ്‌ടമാകാൻ കാരണമാകുന്നു.

രണ്ട് ദിവസങ്ങളിലായാണ് ജില്ലാ എക്‌സിക്യൂട്ടീവും കൗൺസിൽ യോഗവും ചേർന്നത്. ജില്ലാ എക്‌സിക്യൂട്ടീവിൽ മുന്നണിമാറ്റം എന്ന കാര്യമില്ല . ജില്ലാ കൗൺസിലിലെ ആവശ്യം സംസ്ഥാന കൗൺസിലിൽ അറിയിക്കാമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. രാജ്യസഭാ സീറ്റിൽ ആനി രാജയെ പരിഗണിക്കണമായിരുന്നു. പി.പി സുനീറിന് നൽകിയതിനെതിരെ യോഗത്തിൽ അഭിപ്രായമുയർന്നു.

Advertisement
Advertisement