അമ്പൂരിയിൽ ഭാര്യയെ പട്ടാപ്പകൽ റോഡിൽ വച്ച് വെട്ടിക്കൊന്നു
വെള്ളറട: അമ്പൂരി മായത്ത് നടുറോഡിൽ ഭാര്യയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. മായം ഇരൂരിക്കൽ വീട്ടിൽ കുര്യാക്കോസിന്റെയും മുൻ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏക മകൾ രാജിമോളാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ മായം കോലോത്തുവീട്ടിൽ മനുവെന്ന മനോജ് സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മായം കുരിശടിക്കു സമീപത്തായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ടു വർഷമായി മനോജും രാജിമോളും പിരിഞ്ഞ് കഴിയുകയായിരുന്നു. ഇന്നലെ മായത്തെ ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിമോളെ മനോജ് വഴിയിൽ തടഞ്ഞു നിറുത്തി വഴക്കിട്ടു. വാക്കുത്തർക്കത്തിനൊടുവിൽ മനോജ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. രാജിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടികൂടിയതോടെ മനോജ് മുങ്ങി. ചോരയിൽ കുളിച്ച ഇവരെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നെയ്യാർഡാം പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്നതിന്റെ സമീപത്തുനിന്ന് മനോജിനെ അറസ്റ്റുചെയ്തു.
2004ലായിരുന്നു മനോജിന്റെയും രാജിയുടെയും വിവാഹം. അയൽക്കാരായിരുന്ന ഇവർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മനോജിന് ഭാര്യയെ സംശയമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ മൂത്തമകൾ ആഷ്മി ബംഗളൂരുവിൽ നഴ്സിംഗിന് പഠിക്കുകയാണ്. മകൻ ആഷിക്ക് എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.
കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാർ, നെയ്യാർ ഡാം സി.ഐ രജീഷ് കുമാർ, എസ്.ഐ ഷിഹാബുദ്ദീൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.