ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ ബാബുവിന് പലതും നഷ്‌ടപ്പെട്ടു, ഇടവേള ഒഴിയുന്നത് നിസാര കാരണങ്ങൾ കൊണ്ടല്ല

Wednesday 19 June 2024 9:48 PM IST

താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. പ്രസിഡന്റായി മൂന്നാം തവണയും മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഉണ്ണി മുകുന്ദനാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് ഇനി ഇലക്ഷൻ.

രണ്ടര പതിറ്റാണ്ടായി അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നുവന്ന ഇടവേള ബാബു ഒഴിയുകയാണ്. പുതിയ ആളുകൾ കടന്നുവരേണ്ട സമയമാണിതെന്നാണ് ബാബു പറയുന്നത്. ''പുതിയ ചിന്തകൾ വരണം. ജനറൽ സെക്രട്ടറി എന്നത് വളരെ ശക്തമായ പദവിയാണ്. അത് ദുരുപയോഗം ചെയ്യാത്ത ഒരാളെ എനിക്ക് വേണം. ഞാനില്ലെങ്കിൽ പിൻവാങ്ങുമെന്ന നിലപാടിലായിരുന്നു ലാലേട്ടൻ. ഒരു കൂട്ടായ ചർച്ചയിൽ അദ്ദേഹം ആ തീരുമാനം മാറ്റി. സംഘടനയിലുള്ളവർ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ പ്രശ്‌നങ്ങളുണ്ടായി. നേരത്തെ ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ഇപ്പോൾ എല്ലാവർക്കും വിവിധ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനമുണ്ട്. ഇത് പൊതുജനങ്ങൾക്കും അറിയാം. ആ തോന്നലാണ് അമ്മയ്ക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. അന്നുമുതൽ വിമർശനം ശക്തമായി.

ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ടുപോകാൻ സ്ഥിരമായി 3 കോടി രൂപ ആവശ്യമാണ്. അത് എളുപ്പമുള്ള കാര്യമല്ല. കൂട്ടായ പരിശ്രമം ഉണ്ടായാലേ അത് സാധ്യമാകൂ. മറ്റിടങ്ങളിൽ എവിടെയെങ്കിലും കാര്യങ്ങൾ തടസ്സപ്പെടും,'' ഇടവേള ബാബു പറയുന്നു.

എന്നാൽ, കടുത്ത നിലപാടിന് ബാബുവിനെ പ്രേരിപ്പിച്ചത് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പലഭാഗത്തു നിന്നും പിന്തുണ വേണ്ടത്ര ലഭിക്കാത്തതു മൂലമാണെന്നാണെന്നും സംസാരമുണ്ട്.

മറ്റുള്ളവർക്കു വേണ്ടി ഓടി നടന്നതിനിടെ നൂറുകണക്കിനു വേഷങ്ങളാണ് ബാബുവിനു സിനിമയിൽ ഉപേക്ഷിക്കേണ്ടി വന്നത്. താൻ മറ്റുള്ളവർക്കു വേണ്ടി ഓടിനടന്നപ്പോഴും തന്റെ പ്രതിസന്ധിഘട്ടത്തിൽ ഒരാൾ പോലും സഹായിച്ചില്ലെന്നതും ബാബുവിനെ വിഷമിപ്പിച്ചു.

സംഘടനാ ഭരണഭാരം കൂടിക്കൂടി വന്നതും താങ്ങാൻ കഴിഞ്ഞില്ല.കഴിഞ്ഞ മൂന്നു ടേമായി ജനറൽ സെക്രട്ടറി പദത്തിൽനിന്നും മാറണമെന്ന നിലപാട് ബാബു സ്വീകരിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ തവണ ജനറൽ സെക്രട്ടറി പദവിയിൽ തുടർന്നത്.

ഇടവേള ബാബുവിന് പകരം സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ മോഹൻലാലിനെതിരെ മത്സരിക്കാൻ തയ്യാറായിരുന്നു എന്നാണ് വിവരം. എന്നാൽ , സംഘടനയിൽ നിന്നുതന്നെ കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്ന് മൂവരും പിന്മാറുകയായിരുന്നത്രേ. താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തിട്ടില്ലെന്നാണ് ജയൻ ചേർത്തല പ്രതികരിച്ചത്.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരും മൽസരിക്കും.

പതിനൊന്നംഗ എക്സിക്യൂട്ടീവിലേക്ക് പന്ത്രണ്ട് പേർ പത്രിക നൽകി. അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റൊണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനുമോഹൻ എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മൽസരിക്കുന്നത്. ഈ മാസം 30-നാണ് അമ്മ വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും.

Advertisement
Advertisement