പട്ടുവം പുഴയിൽ സീബ്രാവരയൻ പവിഴമത്സ്യം; ചെമ്പല്ലിയും കൊളോനും കിട്ടാനില്ല

Wednesday 19 June 2024 10:05 PM IST

പട്ടുവം: മഴ പെയ്ത് കുളിരു വെള്ളം എത്തിയതോടെ പട്ടുവം പുഴയിലെ മത്സ്യങ്ങൾ സ്ഥലംവിട്ടു. കോട്ടക്കീലുള്ള പുഴ മത്സ്യ കേന്ദ്രങ്ങളൊക്കെ ഇതോടെ നിശ്ചലമായി. മുള്ളൂൽ അധികാരി കടവ് മുതൽ കോട്ടക്കീൽ വരെ നിരന്നു കിടക്കുന്ന പുഴ മത്സ്യ കേന്ദ്രങ്ങളൊക്കെ വറുതിയിലാണ്. മഴക്കു മുൻപ് വരെ നല്ല വിലയുള്ള ചെമ്പല്ലിയും കൊളോനുമൊക്കെ നിറയെ ലഭിച്ചിരുന്നു. അമ്പത് കിലോയ്ക്കടുത്തു വരെ തൂക്കമുള്ള പലതരം തിരണ്ടി മത്സ്യങ്ങൾ വരെ പുഴയിലുണ്ടായിരുന്നു. ഇവയൊക്കെ ഇപ്പോഴില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം വലക്കാർക്കു കിട്ടിയ സീബ്രാവരയൻ കോറൽ ഫിഷ് കൗതുകവുമായി. കോട്ടക്കിൽ ശ്വേതാ ഫിഷ് കടയിലെ ഫ്രീസറിൽ ഇതിനെ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങിനെ ഒരു മത്സ്യം ആദ്യമായാണ് പട്ടുവം പുഴയിൽ കണ്ടെത്തിയതെന്നും ഇവർ പറയുന്നു.
ഈ ആഢംബര മത്സ്യം കോച്ചുമാൻ, പെന്നന്റ് കോറൽ ഫിഷ് എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ്. ഇൻഡോ- പസഫിക് പ്രദേശവാസിയാണെന്നും പതിനഞ്ചു മീറ്റർ മുതൽ എഴുപത്തഞ്ച് മീറ്റർ വരെ ആഴത്തിൽ വസിക്കുന്നതാണെന്നും പറയുന്നു.ശരാശരി പതിനഞ്ച് സെന്റീമീറ്റർ വളരുന്നവയാണ് ഇവ. എങ്ങനെയാണ് ഇത് പട്ടുവം പുഴയിൽ എത്തിയതെന്നത് സംബന്ധിച്ച് മീൻപിടിത്തക്കാർക്കും വലിയ ധാരണയില്ല. ആഫ്രിക്കയുടെ കിഴക്കൻ തീരം മുതൽ ചെങ്കടൽ ഉൾപെടെ ഇൻഡോ പസഫിക്കിന്റെ ഉഷ്ണമേഖല ജലത്തിലുടനീളം ഇവയെ കണ്ടുവരുന്നുണ്ട്.

Advertisement
Advertisement