ട്രെയിനുകളുടെ വേഗപരിധി ലംഘിക്കപ്പെടുന്നു, കാരണം കണ്ടെത്തി റെയില്‍വേ

Wednesday 19 June 2024 10:09 PM IST

ന്യൂഡല്‍ഹി: ലോക്കോപൈലറ്റുമാര്‍ ട്രെയിനുകള്‍ക്ക് അനുവദിനീയമായതില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കുന്നതിനുള്ള കാരണം കണ്ടെത്താന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി റെയില്‍വേ ബോര്‍ഡ്. അനുവദനീയമായതില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. 100 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ ഓടിക്കാന്‍ അനുവാദമുള്ള രണ്ട് ട്രെയിനുകള്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നദിക്ക് മേലെയുള്ള അറ്റകുറ്റപ്പണി നടക്കുകയായിരുന്ന മേല്‍പ്പാലത്തിലൂടെയാണ് വേഗത കൂട്ടി ഓടിച്ചതെന്ന ഗുരുതരമായ കണ്ടെത്തലും ഇതില്‍ ഉള്‍പ്പെടുന്നു. ഒന്നാമത്തെ കേസില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്ന ഗതിമാന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റും അസിസ്റ്റന്റ് ലോക്കോപൈലറ്റും ആഗ്രയ്ക്ക് സമീപമുള്ള സ്റ്റേഷനില്‍ അനുവദിച്ചതില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തിയത്.

ഗതിമാന്‍ എക്‌സ്പ്രസ് ട്രെയിനിലെ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാല്‍വാ എക്‌സ്‌പ്രെസിലും വേഗ പരിധി ലംഘിക്കുന്ന സംഭവം ഉണ്ടായി. ഇതിന് പിന്നാലെ എല്ലാ സോണുകളിലും റെയില്‍വേ നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ എല്ലാ സോണുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ലോക്കോപൈലറ്റുമാരെ നിര്‍ദേശിക്കാനും റെയില്‍വേ ആവശ്യപ്പെട്ടിരുന്നു.180ല്‍പ്പരം ലോക്കോപൈലറ്റുമാരും ഗാര്‍ഡുകളുമാണ് യോഗത്തില്‍ പങ്കെടുത്ത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നിരവധി നിര്‍ദേശങ്ങള്‍ ലോക്കോപൈലറ്റുമാര്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു.

വേഗപരിധി ലംഘിക്കുന്ന സംഭവങ്ങള്‍ മനപൂര്‍വം ചെയ്യുന്നതല്ലെന്നും കൃത്യമായ നിര്‍ദേശം ലഭിച്ചാല്‍ ഇത് ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് ഒരു നിര്‍ദേശം. േേവഗം കുറയ്‌ക്കേണ്ട സ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ മുമ്പായി വാക്കി ടോക്കി വഴി ഒരു അറിയിപ്പ് ലഭിക്കുന്നത് നല്ലതാകുമെന്നും നിര്‍ദേശമുണ്ടായി. പരീക്ഷണാടിസ്ഥാനത്തില്‍ കോട്ട ഡിവിഷനില്‍ ഇത് നടപ്പിലാക്കുകയും ചെയ്തു. ലോക്കോപൈലറ്റുമാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത ചാര്‍ട്ട് വിതരണം ചെയ്യുന്നത് നല്ലതായിരിക്കുമെന്നാണ് മറ്റൊരു ലോക്കോപൈലറ്റ് അഭിപ്രായപ്പെട്ടത്.

ഓരോ സര്‍വീസിലും ഡ്യൂട്ടിക്ക് പ്രവേശിക്കുന്നതിന് മുമ്പായി ലോക്കോപൈലറ്റുമാര്‍ക്ക് വേഗ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കുന്നത് റെയില്‍വേ നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്നാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. അതോടൊപ്പം തന്നെ യോഗത്തില്‍ പങ്കെടുത്ത ലോക്കോപൈലറ്റുമാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും റെയില്‍വേ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisement
Advertisement