സിയാദും സുദീപും അലക്‌സുമായി പേരുമാറ്റും, പത്തോളം സ്‌ത്രീകളുടെ കൈയിൽ നിന്നും അടിച്ചുമാറ്റിയത് ലക്ഷങ്ങളും സ്വർണവും, വമ്പൻ തട്ടിപ്പുകാരന് പിടിവീണു

Wednesday 19 June 2024 10:17 PM IST

കോട്ടക്കൽ: മാട്രിമോണിയൽ സൈറ്റുകളിൽ മിലിട്ടറി ഉദ്യോഗസ്ഥൻ എന്ന വ്യാജ പ്രൊഫൈൽ നൽകി പത്തോളം സ്ത്രീകളിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയ യുവാവ് പിടിയിൽ. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അയ്യപ്പദാസ് എന്ന സിയാദിനെയാണ് (33) കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിൽ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് നിന്നാണ് പിടികൂടിയത്.

മിലിട്ടറി ഉദ്യേഗസ്ഥനെന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കി മുസ്ലീം മാട്രിമോണിയൽ സൈറ്റുകളിൽ സിയാദ്, അഫ്സൽ എന്നീ പേരുകളിലും ഹിന്ദു സൈറ്റുകളിൽ സുദീപ്, അഭിലാഷ്, അജിത് എന്നും, ക്രിസ്ത്യൻ മാട്രിമോണിയലിൽ അലക്സ് എന്ന പേരും നൽകിയായിരുന്നു തട്ടിപ്പ്. വിവാഹ ബന്ധം വേർപെടുത്തിയതും അല്ലാത്തവരുമായ സ്ത്രീകളിൽ നിന്നാണ് വിവാഹ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയത്. ഓരോ സ്ത്രീകളെയും വിളിക്കുന്നതിനായി ഓരോ സിം കാർഡ് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

മാരാരിക്കുളത്തുള്ള യുവതിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയും പാലക്കാട് അലനല്ലൂരിലുള്ള അവിവാഹിതയായ യുവതിയിൽ നിന്ന് പത്തു ലക്ഷവും ചാവക്കാട്ട് വിധവയായ സ്ത്രീയിൽ നിന്നും പത്തു ലക്ഷവും സ്വർണ്ണമാലയും മാനന്തവാടിയിലെ യുവതിയിൽ നിന്ന് 1,32,000 രൂപയും കാടാമ്പുഴയിലെ സ്ത്രീയിൽ നിന്ന് ഒന്നരലക്ഷം രൂപയുമാണ് തട്ടിയത്. പത്തനംതിട്ട മണിമലയിലുള്ള സ്ത്രീയെ കബളിപ്പിച്ച് പണം തട്ടിയതിന് മാരാരിക്കുളം സ്റ്റേഷനിലും കേസുണ്ട്. പണം തട്ടിയശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്.

Advertisement
Advertisement