110 കെ. വി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതി.: പ്രതിഷേധവുമായി നാട്ടുകാർ

Thursday 20 June 2024 4:04 AM IST

കട്ടപ്പന : പീരുമേട്- കട്ടപ്പന 110 കെ. വി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതി പ്രാരംഭ സർവേപ്രകാരം തുടരാൻ അനുമതി നൽകിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം.ജനവാസ മേഖലയിലൂടെ വൈദ്യുതി ലൈൻ കൊണ്ടുപോകില്ലെന്ന ജനപ്രതിനിധികളുടെയും എ.ഡി.എമ്മിന്റെയും ഉറപ്പ് നിലനിൽക്കെയാണ് പുതിയ നീക്കം.കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 7 കിലോമീറ്റർ ദൂരത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ കൊണ്ട് പോകുവാനാണ് പദ്ധതിയിട്ടിയിരിക്കുന്നത്.ജനങ്ങളുടെ ആശങ്ക പരിഗണിച്ച് 2022 ജൂലായിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് വൈദ്യുതിലൈൻ കടത്തിക്കൊണ്ടു പോകാനായി നിശ്ചയിച്ച് അടയാളപ്പെടുത്തിയ ജനവാസ മേഖലകളും വനം വകുപ്പിന്റെ അധീനതയിലുള്ള തേക്ക് പ്ലാന്റേഷനും എ ഡി എം സന്ദർശിച്ചു.ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിലൂടെ വൈദ്യുതി ലൈൻ കടത്തിക്കൊണ്ടു പോകണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് അന്ന് അദ്ദേഹം പ്ലാന്റേഷനിൽ അടക്കം സന്ദർശനം നടത്തിയത്.പിന്നീട് ഭൂഗർഭ കേബിൾ വഴി വൈദ്യുതി പ്രസരിപ്പിക്കുവാൻ കഴിയുമോയെന്ന സാധ്യതയും അതിനുള്ള ചിലവും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായി എഡിഎം ചർച്ച ചെയ്തിരുന്നു.എന്നാൽ വൈദ്യുതി മണ്ണിനടിയിലൂടെ കടത്തികൊണ്ട് പോകുന്നതിന് ചിലവ് കൂടുതൽ ആണെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്.ജനങ്ങൾ കൂടുതലായി താമസിക്കുന്ന മേഖലയിലൂടെ ലൈൻകടന്നു പോകുന്നില്ലെന്നും ട്രാൻസ്മിഷൻ വിഭാഗം നൽകിയ റിപ്പോർട്ടിൽ ഉണ്ട്.ഈ റിപ്പോർട്ട് പ്രകാരമാണ് പദ്ധതി ആദ്യ സർവ്വേ പ്രകാരം തന്നെ തുടരാനുള്ള അനുമതി കളക്ടർ നൽകിയത്.ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിൽ ടവറുകൾ സ്ഥാപിച്ച് സർക്യൂട്ട് ലൈൻ വലിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ പദ്ധതി മുന്നോട്ട് കൊണ്ടു പോയാൽ ശക്തമായ സമരം ആരംഭിക്കുവാനാണ് കർഷകരുടെ തീരുമാനം.

നിലവിലെ സർവ്വേ പ്രകാരം ഉപ്പുതറ മുതൽ കാഞ്ചിയാർ വരെയുള്ള 15 കിലോമീറ്റർ പരിധിക്കുള്ളിലെ ജനവാസ മേഖലയിലൂടെ 22 മീറ്റർ വീതിയിലാണ് ലൈൻ കടന്ന് പോകുന്നത്.

പദ്ധതിയുടെ ലക്ഷ്യം :പ്രസരണ ശേഷി വർധിപ്പിക്കൽ.

ഹൈടെൻഷൻ ലൈൻ കൊണ്ടു പോകാനായി സ്ഥാപിക്കുന്ന ടവറുകളുടെ സ്ഥാന നിർണ്ണയം പൂർത്തിയാക്കി പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരുന്നു.പീരുമേട് സബ് സ്റ്റേഷൻ മുതൽ കട്ടപ്പന വരെ 36 കിലോമീറ്റർ ദൈർഘ്യത്തിലാണ് വൈദ്യുത ലൈൻ ബന്ധിപ്പിക്കുന്നത്.ഇതിനായി 40.7 കോടി രൂപയാണ് ചിലവഴിക്കുവാൻ കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്.നിർമ്മലാസിറ്റിയിൽ സബ് സ്റ്റേഷൻ സ്ഥാപിച്ച് കട്ടപ്പന പീരുമേട് സബ് സ്റ്റേഷനുകളുമായി കൂട്ടിയോചിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കുകയെന്നാണ് സൂചന.

Advertisement
Advertisement