മുസ്ലിം വോട്ടുപോലും കിട്ടിയില്ല, എൽ ഡി എഫിന്റെ തോൽവിയിൽ പാർട്ടി വിലയിരുത്തൽ ശരിവച്ച് എ എം ആരിഫ്
ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഇടതുപക്ഷത്ത് നിന്ന് വൻതോതിൽ ചോർന്നതാണ് പരാജയത്തിന് കാരണമായതെന്ന പാർട്ടി വിലയിരുത്തൽ ശരിവച്ച് ആലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന എ.എം ആരിഫ്. ഒമ്പതുവർഷം മുമ്പ് ഒരു വാരികയിൽ പ്രസിദ്ധീകരിച്ച 'ഞാൻ മിണ്ടാപ്രാണിയായപ്പോൾ' എന്ന കവിത കഴിഞ്ഞദിവസം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഇടയായതിനെപ്പറ്റി സ്വകാര്യ ടെലിവിഷൻ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയിരുന്നപ്പോൾ, ഒമ്പതുവർഷം മുമ്പെഴുതിയ കവിതയ്ക്ക് കാലിക പ്രസക്തിയുണ്ടെന്ന തോന്നലുണ്ടായി എന്ന മുഖവുരയോടെയായിരുന്നു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. മുസ്ളീം സമുദായത്തിൽ നിന്നുപോലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്ന് ആരിഫ് വ്യക്തമാക്കി. ബി.ഡി.ജെ.എസ് 9 വർഷങ്ങൾക്ക് മുമ്പ് മുന്നോട്ടുവെച്ച ആശയത്തെയാണ് കവിതയിലൂടെ വിമർശിച്ചത്.
നായർ മുതൽ നായാടി വരെ എന്നത് ഒരിക്കലും നടക്കാത്ത ഒത്തുചേരലാണ്. ആ സന്ദർഭത്തിലാണ് അന്ന് കവിത എഴുതിയത്.ന്യൂനപക്ഷ പ്രീണനമെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിന്
ഇപ്പോൾ മറുപടി പറയുന്നില്ലെന്നും പാർട്ടി ഒരു നിഗമനത്തിൽ എത്തിച്ചേരുമെന്നും ആരിഫ് പറഞ്ഞു. ജി.സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളെപ്പറ്റി, അദ്ദേഹം
ഇമ്മാതിരി പല വിലയിരുത്തലും നടത്തിയിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റെ വീക്ഷണമാണെന്നും താനല്ല പാർട്ടിയാണ് മറുപടി പറയേണ്ടതെന്നുമാണ് ആരിഫ് പ്രതികരിച്ചത്.
പാർട്ടിക്ക് സംഭവിച്ച പോരായ്മകൾ ജി.സുധാകരൻ തുറന്നു പറഞ്ഞതാണെന്നും കൂട്ടിച്ചേർത്തു.
വക്കീൽ പണി നിർത്തിയാണ് പൊതുരംഗത്ത് ഇറങ്ങിയത്. ഇനി വക്കീൽ പണിയും ഒപ്പം പാർട്ടി പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.