പിണറായിക്കെതിരെ കെ.സുധാകരൻ: 'അവൻ വെട്ടിക്കൊന്ന ആളെത്രയാ.."

Thursday 20 June 2024 12:47 AM IST

കണ്ണൂർ: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിൽ 85കാരന്റെ മരണം സംബന്ധിച്ച് വിവാദ പരാമർശം നടത്തിയതിൽ വിശദീകരണവുമായെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയത് രൂക്ഷമായ ആക്ഷേപപരാമർശം .

'ആണത്തമുണ്ടോ പിണറായി വിജയന് പറയാൻ. അവൻ വെട്ടിക്കൊന്ന ആളെത്രയാ? അവൻ വെടി വച്ചുകൊന്ന ആളെത്രയാ? അവൻ ബോംബെറിഞ്ഞു കൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയൻ? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോർഡില്ല',

കോൺഗ്രസുകാരന്റെ ബോംബേറിൽ ആരും മരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി. ഓഫീസിൽനിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം.

'വൃദ്ധനല്ലേ മരിച്ചതെന്നല്ല ഞാൻ പറഞ്ഞത്, ചെറുപ്പക്കാരൻ മരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ എത്ര ചെറുപ്പക്കാരെ സി.പി.എമ്മുകാർ കൊന്നു? സ്വന്തം പാർട്ടിയെ നേതാക്കൾ ബോംബ് പൊട്ടി മരിച്ചില്ലേ? നിങ്ങളെന്തെങ്കിലും പൊകച്ചു കേറ്റുന്നുണ്ടെങ്കിൽ കയറ്റിക്കോ, അതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാനിതെത്ര കണ്ടു, എത്ര കേട്ടു', സുധാകരൻ പറഞ്ഞു.

സി.പി.എമ്മിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ വളർച്ച മുഴുവൻ അക്രമത്തിന് മുമ്പിൽ ആളുകളെ വിറപ്പിച്ചു നിറുത്തിയിട്ടാണ്. അതിൽ ആദ്യത്തെ ആയുധമാണ് ബോംബ്-സുധാകരൻ പറഞ്ഞു.