ചെലവ്  40,000 കോടി രൂപ, ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം നിര്‍മിക്കാന്‍ സാദ്ധ്യത വര്‍ദ്ധിക്കുന്നു

Wednesday 19 June 2024 11:15 PM IST

ചെന്നൈ: ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യമായ ശ്രീലങ്കയിലേക്ക് പാലം നിര്‍മിക്കുന്നതിനുള്ള സാദ്ധ്യത കൂടുതല്‍ തെളിയുന്നു. 40,000 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം അന്തിമ ഘട്ടത്തിലാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് സംബന്ധിച്ചുള്ള ആദ്യഘട്ട പനം പൂര്‍ത്തിയായെന്നും അന്തിമഘട്ട പഠനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിക്രമസിംഗെയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 2023 ജുലായില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം ചര്‍ച്ച ചെയ്തത്. പുതിയതായി അധികാരമേറ്റ ഇന്ത്യന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഈ മാസം നടത്തുന്ന ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.

ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലെ ട്രിങ്കോമാലി, കൊളംബോ തുറമുഖം എന്നിവിടങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രീലങ്ക മുന്നോട്ടുവയ്ക്കുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും തലൈമന്നാറിലേക്ക് പോകുന്ന പാലത്തിന് 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പാക് കടലിടുക്കിന് കുറുകെ വാഹനങ്ങള്‍ക്ക് പോകാനുള്ള റോഡും റെയില്‍വേ ലൈനുമാണ് വിഭാവനം ചെയ്യുന്നത്. 40,000 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്ന പദ്ധതിക്ക് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് അടക്കമുള്ളവര്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

പാലം പണി പൂര്‍ത്തിയായാല്‍ ശ്രീലങ്കയുടെ ഊര്‍ജ, വിനോദസഞ്ചാര, സാംസ്‌കാരിക മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം വ്യോമ-കപ്പല്‍ മാര്‍ഗങ്ങളിലൂടെയാണ് സാധ്യമാകുന്നത്. പാലം വരുന്നതോടെ ചരക്കുനീക്കം സുഗമവും ചെലവ് കുറഞ്ഞതുമാകും. ഇത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

നയതന്ത്രപരമായും ഇന്ത്യക്ക് നേട്ടമുള്ള പദ്ധതിയാണിത്. ശ്രീലങ്ക അടുത്തിടെ ചൈനയുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് ഇന്ത്യ - ശ്രീലങ്ക ബന്ധത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യാം. ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന പാക് കടലിടുക്കിന് കുറുകെ പാലം നിര്‍മിക്കുന്നതിന് പാരിസ്ഥിതികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടേറെ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്.

Advertisement
Advertisement