കണ്ണൂരിലെ ബോംബ് നിർമ്മാണം പൊലീസ് ഒത്താശയിൽ: പ്രതിപക്ഷം

Thursday 20 June 2024 1:13 AM IST

തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് നിർമ്മാണം സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയിലാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ബോംബ് നിർമ്മാണം സി.പി.എം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ നിരപരാധികൾ മരിച്ചുവീഴുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ബോംബ് നിർമ്മിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അത്തരക്കാരെ അമർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ട സി.പി.എം പ്രവർത്തകരുടെ പേര് പ്രതിപക്ഷം പറഞ്ഞത് ബഹളത്തിനിടയാക്കി.

ബോംബുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

തലശേരിയിൽ ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ പെറുക്കാനെത്തിയ വൃദ്ധൻ സ്റ്റീൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. തലശേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പൊലീസ് കേസെടുക്കുമെങ്കിലും പ്രതികളെ പിടിക്കാറില്ലെന്നും സണ്ണിജോസഫ് പറഞ്ഞു. സി.പി.എമ്മിന്റെ നേതൃത്വത്തിലും ഒത്താശയിലുമാണ് ബോംബ് നിർമ്മാണം.

കുടിൽവ്യവസായം പോലെ പാർട്ടിഗ്രാമങ്ങളിൽ ബോംബുണ്ടാക്കുന്നതായി വി.ഡി.സതീശൻ ആരോപിച്ചു. നിരപരാധികളാണ് കൊല്ലപ്പെടുന്നത്. സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറന്നുനോക്കരുതെന്ന് സർക്കാർ നിർദ്ദേശിക്കണം. ബോംബ് നിർമ്മാണത്തെ സന്നദ്ധപ്രവർത്തനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. 6വർഷത്തിനിടെ ബോംബുപൊട്ടി 32പേർ മരിച്ചു. പട്ടിയുണ്ട് സൂക്ഷിക്കണമെന്ന ബോർഡുപോലെ ഈ പറമ്പിൽ ബോംബുണ്ടെന്ന് ബോർഡ് വയ്ക്കണം. ഇനിയെങ്കിലും ആയുധം താഴെവച്ച് സി.പി.എം ആശയപരമായ പോരാട്ടത്തിലേക്ക് വരണം.

ശക്തമായി നേരിടും: മുഖ്യമന്ത്രി

സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി. ബോംബ് നിർമ്മാണത്തോട് വിട്ടുവീഴ്ചയില്ല. കർശന നടപടികളെടുക്കും. എവിടെയാണ് നിർമ്മിച്ചതെന്നതടക്കം ഗൗരവമായി അന്വേഷിക്കും. ബോംബുകളുടെ ഉറവിടം കണ്ടെത്തും. എല്ലാ ബോംബിനും രാഷ്ട്രീയനിറമില്ല. കൊച്ചിയിൽ സോഷ്യൽമീഡിയയിൽ നിന്ന് പഠിച്ച് ബോംബുണ്ടാക്കിയ സംഭവമുണ്ടായില്ലേ. പരിശീലനം പലയിടത്തും കിട്ടുന്നുണ്ട്. ക്വാറികളിലടക്കം റെയ്ഡുകൾ ശക്തമാക്കും.

പഴയ കാര്യം പറയേണ്ട: സ്പീക്കർ

കണ്ണൂരിൽ ബോംബ്പൊട്ടി കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ സണ്ണിജോസഫ് നിരത്തിയപ്പോൾ 'പത്തും ഇരുപതും കൊല്ലം മുൻപുള്ള ചരിത്രം പറയാനല്ല അടിയന്തര പ്രമേയം' എന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. പി.ജയരാജന്റെ മകന് ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റപ്പോൾ വിഷുവിന് പടക്കമുണ്ടാക്കുന്നതിനിടെ സംഭവിച്ചതാണെന്നാണ് വിശദീകരിച്ചതെന്നും സണ്ണിജോസഫ് ചൂണ്ടിക്കാട്ടി.

Advertisement
Advertisement