യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കി,​ ക്രമക്കേടിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു

Wednesday 19 June 2024 11:21 PM IST

ന്യൂഡൽഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച വിവാദം തുടരുന്നതിനിടെ യു.ജി.സി നെറ്റ് പരീക്ഷ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പുതിയ തിയതി പിന്നീടറിയിക്കും. കഴിഞ്ഞ ദിവസം രണ്ടുഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ച. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ യു.ജി.സിക്ക് ഇന്ന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാൽ എന്താണ് സംഭവിച്ചതെന്നോ, ഏത് സെന്ററിലാണെന്നോ ക്രമക്കേടുണ്ടായതെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒ.എം.ആർ രീതിയിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്.

അതേസമയം ബീഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും.

Advertisement
Advertisement