ഓ യുഎസ്എ! ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് കീഴടങ്ങി; തോല്‍വി വഴങ്ങിയത് 18 റണ്‍സിന്
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്എ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എ 18 റണ്‍സ് അകലെ വീണ് പോകുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആന്‍ഡ്രിയസ് ഗൗസ് പുറത്താകാതെ നേടിയ 80*(47) റണ്‍സ് ആണ് യുഎസ്എക്ക് കരുത്തായത്. കഗീസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളൂവെന്നതും മത്സരഫലത്തില്‍ നിര്‍ണായകമായി. നാലോവറില്‍ 18 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 194-4 (20), യുഎസ്എ 176-6 (20)
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എക്ക് വേണ്ടി മറ്റൊരു ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലര്‍ 24(14) നല്ല തുടക്കമാണ് ഗൗസിനൊപ്പം നല്‍കിയത്. എന്നാല്‍ നിതീഷ് കുമാര്‍ 8(6), അവരുടെ സൂപ്പര്‍ താരം ആരണ്‍ ജോണ്‍സ് 0(5) എന്നിവര്‍ പെട്ടെന്ന് പുറത്തായത് വിനയായി. കൊറി ആന്‍ഡേഴ്‌സണ്‍ 12(12), ഷയാന്‍ ജഹാംഗിര്‍ 3(9) എന്നിവരും നിരാശപ്പെടുത്തി.
ഏഴാമനായി ക്രീസിലെത്തിയ ഹര്‍മീത് സിംഗ് 38(22) ഗൗസിനൊപ്പം ചേര്‍ന്ന് അട്ടിമറി വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും 19ാം ഓവറില്‍ റബാഡയെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് യുഎസ്എയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് 74(40) നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 46(32), ഹെയ്ന്റിച്ച് ക്ലാസന്‍ 36*(22), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 20*(16) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.