അടക്കാത്തോട്ടിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു

Wednesday 19 June 2024 11:51 PM IST

കേളകം: അടക്കാത്തോട് നരിക്കടവിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. നരിക്കടവിലെ വിലങ്ങുപാറ ജോയിയുടെ വളർത്തുനായയെയാണ് വന്യജീവി ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ നായയുടെയും പശുക്കളുടെയും ഭയങ്കരമായ കരച്ചിൽ കേട്ട് ടോർച്ചുമായി പുറത്തിറങ്ങിയപ്പോൾ വന്യജീവി ഓടിപ്പോയെന്നും വലുപ്പവും ലക്ഷണവും കണ്ടിട്ട് കടുവയാണെന്ന് ജോയി പറഞ്ഞു.
തുടർന്ന് വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി നായക്ക് ചികിത്സ നൽകി. കഴുത്തിന് സമീപം വളരെ ആഴത്തിലുള്ള മുറിവാണെന്നും നായയുടെ നില ഗുരുതരമാണെന്നും ആക്രമിച്ചത് വന്യ ജീവിയാണെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പുലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് വനപാലകർ എത്തിയിട്ടുള്ളതെന്നും, കർഷകർ ധാരാളമായി താമസിക്കുന്ന ഈ പ്രദേശത്ത് ആദ്യമായാണ് വന്യജീവി ആക്രമണം നടക്കുന്നതെന്നും വളർത്തുമൃഗങ്ങൾ പ്രദേശത്ത് ധാരാളമുള്ളതിനാൽ അടിയന്തരമായി വനപാലകർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പറഞ്ഞു.

Advertisement
Advertisement