ലോക്‌സഭാ സ്പീക്കർ പദവി: പുരന്ദേശ്വരിയ്ക്ക് സാദ്ധ്യത

Thursday 20 June 2024 12:55 AM IST

വിജയവാഡ: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പി ആന്ധ്രപ്രദേശ് പ്രസിഡന്റ് ദഗ്ഗുപതി പുരന്ദേശ്വരിയുടെ പേര് സജീവ പരിഗണനയിൽ. സ്പീക്കർ സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് ടി.ഡി.പി പിൻവാങ്ങുകയും സ്ഥാനം ആന്ധ്രയ്ക്ക് വേണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്താൽ ദഗ്ഗുപതി പുരന്ദേശ്വരി എൻ.ഡി.എയുടെ ലോക്‌സഭാ സ്പീക്കർ സ്ഥാനാർത്ഥിയാകും.

ആന്ധ്രയിൽ എൻ.ഡി.എ ഉജ്ജ്വല വിജയം നേടിയിട്ടും പാർട്ടി സംസ്ഥാന അദ്ധ്യക്ഷയായ പുരേന്ദേശ്വരി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും അവരെ കേന്ദ്രമന്ത്രിസഭിയലേക്ക് ബി.ജെ.പി നേതൃത്വം പരിഗണിക്കാതിരുന്നത് ഈ സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു.

ബി.ജെ.പി നേതാവാണെങ്കിലും ടി.ഡി.പി പുരന്ദേശ്വരിയെ എതിർക്കാനിടയില്ല. ടി.ഡി.പി അദ്ധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയാണ് പുരന്ദേശ്വരി. വനിതാശാക്തീകരണത്തെ കുറിച്ച് പറയുന്ന മോദിയുടെ മന്ത്രിസഭയിൽ ഇത്തവണ വനിതകൾ ഏഴുപേരേ ഉള്ളൂ. ഈ കുറവും സ്പീക്കർ സ്ഥാനം പുരന്ദേശ്വരിക്കു നൽകുന്നതിനിലൂടെ നികത്താനാകുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു.

ആന്ധ്ര വിഭജിച്ചു; കോൺഗ്രസ് വിട്ടു

2004ലും 2009ലും കോൺഗ്രസ് ടിക്കറ്റിൽ എം.പിയായ ഡി.പുരന്ദേശ്വരി മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2014ൽ പുരന്ദേശ്വരി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. 2019ൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത്തവണ രാജമഹേന്ദ്രവരത്തു (രാജമുണ്ട്രി) നിന്നും 2.39 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.ടി.ഡി.പി സ്ഥാപകനും മുൻ മുഖ്യമന്ത്രിയും ഇതിഹാസ നടനുമായ എൻ.ടി രാമറാവുവിന്റെ മകളുമായ പുരന്ദേശ്വരിക്ക് തെലുങ്ക്, തമിഴ്, ഹിന്ദി, ഫ്രഞ്ച് തുടങ്ങി അഞ്ച് ഭാഷകൾ അറിയാം.

ബാലയോഗി സൃഷ്ടിച്ച ചരിത്രം

1998ൽ സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകിയ ടി.ഡി.പിക്കായിരുന്നു സ്പീക്കർ സ്ഥാനം. സ്പീക്കറായത് ജി.എം.സി ബാലയോഗി. ലോക്സഭാ സ്പീക്കറാകുന്ന ആദ്യത്തെ ദളിത് വ്യക്തിയെന്ന റെക്കാ‌ഡും ആദ്ദേഹത്തിന്റെ പേരിലാണ് . ബാലയോഗിയുടെ മകൻ ഹരീഷ് മധുര് ഇപ്പോൾ ടി.ഡി.പി എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement