കേജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി, ജാമ്യാപേക്ഷയിൽ ഇന്നും വാദം

Thursday 20 June 2024 1:00 AM IST

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി ജൂലായ് മൂന്നുവരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് തീരുമാനം. കേജ്‌രിവാളിന് മദ്യ അഴിമതിയിൽ നേരിട്ടു പങ്കുണ്ടെന്ന് ഇ.ഡി ആവർത്തിച്ചു. വാദം ഇന്നും തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് കേജ്‌രിവാൾ കോടതിയിൽ ഹാജരായത്.

കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി ഇ.ഡി സമർപ്പിച്ച രേഖകളുടെ വിശ്വാസ്യത ചോദ്യം ചെയ്‌തു. മാപ്പു സാക്ഷിയായ മഗുന്ത റെഡ്‌ഡിയുടെ പ്രസ്‌താവനകൾ വിശ്വസനീയമല്ല. കേസിൽ നിന്ന് ഒഴിവാക്കാമെന്ന വാഗ്‌ദാനം നൽകിയാണ് മാപ്പു സാക്ഷിയാക്കിയത്. സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി വാങ്ങിയെന്ന ആരോപണം വെറും പ്രസ്‌താവന മാത്രമാണ്. കേജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

തന്റെ കക്ഷി ഭരണഘടനാ പദവി വഹിക്കുന്ന ആളായിട്ടും പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടില്ല. അതിന് അർഹനാണെന്നും ചൂണ്ടിക്കാട്ടി.

ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്. വി രാജു, പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി. കേജ്‌രിവാൾ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് കേജ്‌രിവാളാണ്. അദ്ദേഹം ഭരണഘടനാ പദവി വഹിക്കുന്നതിൽ കാര്യമില്ലെന്നും എ.എസ്.ജി വാദിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് എന്ന ആരോപണത്തെ പ്രതിരോധിച്ച എ.എസ്.ജി അത് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രത്യേകാവകാശമാണെന്നും സമയത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. സാക്ഷി മൊഴികളിൽ സംശയമുണ്ടെങ്കിൽ വിചാരണ ഘട്ടത്തിൽ പരിശോധിക്കാം. കേജ്‌രിവാൾ പണം ആവശ്യപ്പെട്ടത് സാക്ഷി മൊഴികളില്ലാതെയും തെളിയിക്കാമെന്നു അദ്ദേഹം പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിന് കീഴിലുള്ള വ്യക്തികളുടെ കൂട്ടായ്മയാണ് ആംആദ്‌മി പാർട്ടി. പാർട്ടിക്കായി ഒരു കുറ്റകൃത്യം ചെയ്താൽ, ചുമതലയുള്ള ഓരോ വ്യക്തിയും കുറ്റവാളിയാകുമെന്നും എസ്.വി. രാജു വാദിച്ചു.

മെഡിക്കൽ ബോർഡ് നടത്തുന്ന പരിശോധനയിൽ വീഡിയോ കോൺഫറൻസ് വഴി ഭാര്യയെ പങ്കെടുപ്പിക്കണമെന്ന കേജ്‌രിവാളിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

Advertisement
Advertisement