വെന്തുരുകി ഡൽഹി, 5 മരണം

Thursday 20 June 2024 1:45 AM IST

ന്യൂഡൽഹി: കടുത്ത ഉഷ്‌ണതരംഗം പിടിമുറുക്കിയ ഡൽഹിയിൽ ജനജീവിതം ദുരിതത്തിൽ. കനത്ത ചൂടിൽ രണ്ട് ദിവസത്തിനിടെ അഞ്ച് പേർ മരിച്ചു. 12 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അത്യുഷ്‌ണത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ നിരവധിപേരാണ് ചികിത്സ തേടുന്നത്. സൂര്യതാപമേറ്റും അത്യുഷ്‌ണം കാരണവും എത്തുന്ന രോഗികളുടെ ചികിത്സയ്‌ക്ക് മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ ഡൽഹി ആശുപത്രികൾക്ക് നിർദ്ദേശം നൽകി.

അബോധാവസ്ഥയിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേരാണ് മരിച്ചത്.
ഇവിടെ 22 പേർ ചികിത്സയിലാണ്. 12 പേർ വെന്റിലേറ്ററിലാണ്. അസ്വസ്ഥതകളുമായി വരുന്നവരിൽ മരണ നിരക്ക് കൂടുതലാണെന്ന് ആശുപത്രി അറിയിച്ചു. രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയാൽ അവയവങ്ങൾ പ്രവർത്തനരഹിതമായി മരണം സംഭവിക്കുന്നു. രോഗികളിൽ ഭൂരിഭാഗവും വെയിലത്ത് ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. സംരക്ഷണ കവചമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികൾ അബോധാവസ്ഥയിലാകുമ്പോഴാണ് ആശുപത്രിയിൽ എത്തിക്കുന്നത്.

ഡൽഹി നിവാസികൾ ഒരു മാസത്തോളമായി കൊടുംചൂടിൽ വലയുകയാണ്. കൂടിയ താപനില 45 ഡിഗ്രിക്കും കുറഞ്ഞ താപനില 35 ഡിഗ്രിക്കും മുകളിലാണ്. ചൂടുകാരണം ടാപ്പ് വെള്ളവും ഉപയോഗിക്കാൻ കഴിയില്ല. വരും ദിവസങ്ങളിലും

ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കടുത്ത ജലക്ഷാമവും ഡൽഹി ജീവിതം ദുരിതപൂർണമാക്കുന്നു.

കോൺക്രീറ്റ് കെട്ടിടങ്ങളാൽ
ഡൽഹിയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വർദ്ധിച്ചത് ചൂട് കൂടാൻ കാരണമാകുന്നു.

മുൻപ് ഡൽഹിയിൽ പകൽ കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും രാത്രി ആശ്വാസം ലഭിച്ചിരുന്നു. പകൽ ചൂട് ആഗിരണം ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നതാണ് ഡൽഹി പോലുള്ള വലിയ നഗരങ്ങളിൽ കുറഞ്ഞ താപനില ഉയരാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. എസികളിൽ നിന്നുള്ള ചൂടുകാറ്റും വില്ലനാകുന്നു. ഉയരത്തിലുള്ള കെട്ടിടങ്ങൾ കാറ്റിന്റെ ചലനത്തിനും തടസമാകുന്നു.

Advertisement
Advertisement