കേൾവിശക്തിക്ക് തകരാറെന്ന് അൽക്ക യാഗ്‌നിക്

Thursday 20 June 2024 1:56 AM IST

ന്യൂഡൽഹി: ബോളിവുഡ് ഗായിക അൽക്ക യാഗ്‌നികിന്റെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായി വെളിപ്പെടുത്തൽ. വൈറസ് ബാധയെത്തുടർന്നാണ് തകരാർ സംഭവിച്ചതെന്നും ചികിത്സയിലാണെന്നും അൽക്ക സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. സെൻസറി ന്യൂറൽ ഹിയറിംഗ് ലോസ് എന്ന അപൂർവ അവസ്ഥയാണ് അൽക്കയ്ക്ക്. ഇരുചെവികളെയും ബാധിച്ചു.

ഉടൻ ചികിത്സ തേടിയാൽ മരുന്നുകളിലൂടെ രോഗം ഭേദമാക്കാമെങ്കിലും ചില അവസരങ്ങളിൽ സ്ഥിരമായി കേൾവി നഷ്ടപ്പെട്ടേക്കാം. ഏതാനും ആഴ്ചകൾക്കു മുമ്പാണ് അൽക്ക രോഗാവസ്ഥ തിരിച്ചറിഞ്ഞത്. കുറച്ചു നാളുകളായി അൽക്ക പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അൽക്കയ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് സിനിമ ലോകത്തെ പ്രമുഖർ പ്രതികരിച്ചു. 90കളിൽ ബോളിവുഡിനെ അടക്കി വാണിരുന്ന ശബ്ദമാണ് 58കാരിയായ അൽക്കയുടേത്.

എക് ദേ തീൻ (തേസാബ്)​,​ ദേഖാ ഹെയ് പെഹ്‌ലി ബാർ (സാജൻ)​,​ ബാസിഗർ ഓ ബാസിഗർ (ബാസിഗർ)​,​ ചുരാ കെ ദിൽ മേരാ (മേം കില്ലാഡി,​ തൂ അനാരി)​,​ ടിപ് ടിപ് ബർസാ പാനി ( മൊഹ്‌റ)​,​ തൂ മിലേ ദിൽ ഖിലേ (ക്രിമിനൽ)​,​ താൽ സെ താൽ (താൽ)​,​ ദിൽ നെ യേ കഹാ ഹെയ് ദിൽ സേ (ദഡ്കൻ)​,​ കുച് കുച് ഹോതാ ഹെയ് (കുച് കുച് ഹോതാ ഹെയ് )​ തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങളാണ് അൽക്കയുടെ സ്വരമാധുരിയിൽ പിറന്നത്. രണ്ട് ദേശീയ അവാർഡുകൾ അടക്കം നിരവധി അംഗീകാരങ്ങളും നേടി.

Advertisement
Advertisement