ബാരാമുള്ളയിൽ 2 ഭീകരരെ വധിച്ചു

Thursday 20 June 2024 1:58 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു. ഹദിപോറ ഗ്രാമത്തിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വധിച്ചത്. ഒരു പൊലീസ്ഉദ്യോഗസ്ഥന് പരിക്കുണ്ട്. 48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പ്രദേശത്ത് ഓപ്പറേഷൻ പുരോഗമിക്കുകയാണ്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗർ സന്ദർശിക്കാനിരിക്കെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ശ്രീനഗറിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ മോദി പങ്കെടുക്കും. രണ്ടാഴ്ചയ്ക്കിടെ കാശ്മീരിൽ നിരവധി തവണ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം മൂന്നിന് പുൽവാമയിൽ ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് റിയാസി ഭീകരാക്രമണമുണ്ടായത്. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ വെടിയുതിർത്തതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം കത്വയിലും ദോഡയിലും ഭീകരാക്രമണുണ്ടായി. കാശ്മീരിൽ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടലുകൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും നടന്നിരുന്നു.

ഒരാൾ പിടിയിൽ

തീർത്ഥാടകരുടെ

കാശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ പിടിയിൽ. കാശ്മീർ സ്വദേശി ഹക്കീം ദിൻ ആണ് പിടിയിലായത്. രജൗരിയിലെ ഭണ്ഡാരയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബസിന് നേരെ വെടിയുതിർത്ത ഭീകരർക്ക് ഇയാൾ പിന്തുണ നൽകിയെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement