നിജ്ജറിനെ ആദരിച്ച് കാനഡ, കനിഷ്‌ക ദുരന്തം ഓർമ്മിപ്പിച്ച് ഇന്ത്യ

Thursday 20 June 2024 7:00 AM IST

ഒട്ടാവ: കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന് ആദരമർപ്പിച്ച കാനഡയ്ക്ക് കനിഷ്ക വിമാന ദുരന്തം ഓർമ്മിപ്പിച്ച് തക്ക മറുപടി നൽകി ഇന്ത്യ. നിജ്ജറുടെ ഒന്നാം ചരമവാർഷിക ദിനമായ ചൊവ്വാഴ്ച കനേഡിയൻ പാർലമെന്റിലെ അംഗങ്ങൾ മൗനം ആചരിച്ചു.

പിന്നാലെ, കനിഷ്ക ദുരന്തത്തിൽ കൊല്ലപ്പെട്ട 329 പേരുടെ ഓർമ്മയ്ക്കായി ഈ മാസം 23ന് വൈകിട്ട് 6.30ന് അനുസ്മരണ യോഗം നടത്തുമെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രഖ്യാപിച്ചു. ഭീകരതയ്ക്കെതിരായ ഐക്യദാർഢ്യ പ്രകടനത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും ഭീകരതയെ ചെറുക്കാൻ ഇന്ത്യ മുന്നിലുണ്ടാകുമെന്നും എക്സിൽ കുറിക്കുകയും ചെയ്‌തു. കാനഡയിലേക്ക് ചേക്കേറിയ ഖാലിസ്ഥാൻവാദി തൽവീന്ദർ സിംഗ് പർമറായിരുന്നു കനിഷ്‌ക ദുരന്തത്തിന് പിന്നിൽ. ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ സ്ഥാപകനായിരുന്നു ഇയാൾ.

നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ (45)​ കഴിഞ്ഞ വർഷം ജൂൺ 18ന് സറെയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിജ്ജറിന്റെ വിവരം നൽകുന്നവർക്ക് എൻ.ഐ.എ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1997ൽ കള്ള പാസ്പോർട്ടിൽ കാനഡയിലെത്തിയ നിജ്ജർ അവിടുത്തെ പൗരത്വം നേടുകയായിരുന്നു.

സ്ഫോടനങ്ങൾ അടക്കം ഇന്ത്യയിൽ നിരവധി ക്രിമിനൽ കേസുകളിൽ പങ്കുള്ള ഇയാളെ മനുഷ്യാവകാശ ആക്ടിവിസ്റ്റെന്നാണ് കാനഡ വിശേഷിപ്പിക്കുന്നത്. നിജ്ജർ വധത്തിൽ കാനഡയിൽ താമസമാക്കിയ നാല് ഇന്ത്യക്കാരെ മേയിൽ അറസ്റ്റ് ചെയ്തിരുന്നു.

നിജ്ജറിന്റെ കൊലയിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നതയ്ക്ക് കാരണമായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ,​ ഭീകരർക്ക് അഭയം നൽകുന്ന കാനഡയ്ക്കെതിരെ രംഗത്തെത്തി.

 കാനഡ മറന്ന കനിഷ്ക

 1985 ജൂൺ 23ന് കാനഡയിലെ മൊൺട്രിയലിൽ നിന്ന് ലണ്ടൻ, ഡൽഹി വഴി മുംബയിലേക്ക് പറന്ന എയർ ഇന്ത്യ ബോയിംഗ് 747 - 237 ബി വിമാനം (ഫ്ലൈറ്റ് 182 - എംപറർ കനിഷ്ക) ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു

 തീവ്രവാദ ഭീഷണിയെക്കുറിച്ച് ഇന്ത്യ മുന്നറിയിപ്പുകൾ നൽകിയിട്ടും കാനഡ കാര്യമാക്കിയില്ല

 വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. 268 പേർ കനേഡിയൻ പൗരന്മാർ. 22 പേർ ഇന്ത്യക്കാർ

 1984ൽ സുവർണക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെതിരെയുള്ള പ്രതികാരം

 തൽവീന്ദർ സിംഗ് പർമർ കാനഡയിലെത്തിയത് 1970ൽ

 സ്ഫോടനത്തിന് ശേഷം ഇന്ത്യയിലെത്തിയ പർമർ 1992ൽ പഞ്ചാബ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 കേസിൽ ആരോപണ വിധേയനും പർമറിന്റെ അടുത്ത അനുയായിയുമായ റിപുദമൻ സിംഗ് മാലികിനെ തെളിവുകളുടെ അഭാവത്തിൽ 2005ൽ കനേഡിയൻ കോടതി വെറുതേവിട്ടു. ഇയാൾ 2022ൽ സറെയിൽ അജ്ഞാതരുടെ വെടിയേ​റ്റ് കൊല്ലപ്പെട്ടു

Advertisement
Advertisement