ആക്രമണമുണ്ടായാൽ പരസ്പര സഹായം:റഷ്യ,​ ഉത്തര കൊറിയ

Thursday 20 June 2024 7:02 AM IST

പ്യോഗ്യാംഗ്: ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാമെന്ന കരാറിൽ ഒപ്പുവച്ച് റഷ്യയും ഉത്തര കൊറിയയും. നീണ്ട 24 വർഷത്തിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ഉത്തര കൊറിയയിൽ എത്തിയപ്പോഴാണ് ചരിത്ര കരാറിന് ധാരണയായത്. തലസ്ഥാനമായ പ്യോഗ്യാംഗിൽ പുട്ടിനെ രാജകീയ വരവേൽപ്പോടെ സ്വീകരിച്ച ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും വാണിജ്യ - സുരക്ഷാ ബന്ധം ശക്തമാക്കും. പുട്ടിനെ അഭിവാദ്യം ചെയ്യാൻ പൂക്കളും ബലൂണുകളുമായി തെരുവുകളിൽ കുട്ടികളടക്കം അണിനിരന്നു. സൈനികരെ അണിനിരത്തി വിശാലമായ പരേഡും ഗൺ സല്യൂട്ടും നടത്തി. കിമ്മിന് പുട്ടിൻ റഷ്യൻ നിർമ്മിത ആഡംബര ഓറസ് കാർ സമ്മാനിച്ചു. കിമ്മിനെ ഒപ്പമിരുത്തി പ്യോഗ്യാംഗിലൂടെ പുട്ടിൻ ഈ കാർ ഓടിക്കുകയും ചെയ്തു.

കിമ്മിനെ പുട്ടിൻ മോസ്കോയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിൽ റഷ്യയിലെത്തിയ കിം പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയിനെതിരെ പോരാടാൻ റഷ്യൻ സൈന്യത്തിന് ഉത്തര കൊറിയ ആയുധങ്ങൾ നൽകുന്നുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഉത്തര കൊറിയയും റഷ്യയും ഇത് നിഷേധിച്ചിരുന്നു. റഷ്യയും ഉത്തര കൊറിയയും തമ്മിലെ ബന്ധം ശക്തിയാർജ്ജിക്കുന്നത് യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അതേ സമയം,​ വ്യാപാര ചർച്ചകൾക്കായി പുട്ടിൻ ഇന്നലെ രാത്രി വിയറ്റ്നാമിലേക്ക് തിരിച്ചു.

Advertisement
Advertisement