നിക്കി ഹേലിയുടെ പിതാവ് അന്തരിച്ചു

Thursday 20 June 2024 7:06 AM IST

വാഷിംഗ്ടൺ : യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. മരണ കാരണം വ്യക്തമല്ല. ക്യാൻസർ ബാധിതനായിരുന്നെന്ന് സൂചനയുണ്ട്. സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കിയുടെ മാതാപിതാക്കൾ ഇന്ത്യയിലെ അമൃത്സറിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. 1972ൽ സൗത്ത് കാരലൈനയിലാണ് നിക്കിയുടെ ജനനം. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു അജിത് സിംഗ് രൺധാവ. നിക്കിയുടെ അമ്മ രാജ് കൗർ രൺധാവ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയിരുന്നു. 1964ൽ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയയിലെ സ്കോളർഷിപ്പ് ലഭിച്ചതോടെ അജിതും കുടുംബവും കാനഡയിലേക്ക് കുടിയേറി. പിഎച്ച്ഡി നേടിയ ശേഷം 1969ൽ കുടുംബം സൗത്ത് കാരലൈനയിലേക്ക് താമസം മാറ്റി. ഇവിടെ ബയോളജി പ്രൊഫസറായി ജോലി ചെയ്തു. 1998ൽ അദ്ധ്യാപക രംഗത്ത് നിന്ന് അജിത് വിരമിച്ചു. നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി പോരിൽ (പ്രൈമറി) മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി മത്സരിച്ചിരുന്നെങ്കിലും മതിയായ പിന്തുണയില്ലാത്തതിനാൽ പോരാട്ടത്തിൽ നിന്ന് പിന്മാറിയിരുന്നു.

Advertisement
Advertisement