നിമിഷപ്രിയയുടെ മോചനത്തിനുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി നാല്‍പ്പതിനായിരം ഡോളർ കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി

Thursday 20 June 2024 8:37 AM IST

യെമൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. തുടർന്നാണ് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്.

പ്രാരംഭ ചര്‍ച്ചകൾ തുടങ്ങണമെങ്കിൽ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാൽ, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നൽകുകയായിരുന്നു.

സനയിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രേമകുമാരിയും ആക്‌ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യെമനിലെ അദെൻ നഗരത്തിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ അംഗമായ തമിഴ്നാട് സ്വദേശി സാമുവേൽ ജെറോം.

ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. 2017ൽ പാസ്പോർട്ട് തിരികെ എടുക്കാനായി യെമൻ പൗരൻ തലാൽ അബ്‌‌ദോ മഹദിയെ ഉറക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

Advertisement
Advertisement