കേരളത്തിൽ നിന്നുള്ള ബസുകൾ തടഞ്ഞ് തമിഴ്‌നാട്; യാത്രക്കാരെ അർദ്ധരാത്രി റോഡിൽ ഇറക്കിവിട്ടു

Thursday 20 June 2024 9:49 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് എം വി ഡി തടഞ്ഞു. അർദ്ധരാത്രി മലയാളികളടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ടു. വൺ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എംവിഡിയുടെ നടപടി.

നാഗർകോവിൽ ഭാഗത്തുവച്ചായിരുന്നു സംഭവം. വിദ്യാർത്ഥികളടക്കമുള്ളവരെയാണ് അർദ്ധരാത്രി റോഡിൽ ഇറക്കിവിട്ടത്. വേറെ ഏതെങ്കിലും ബസിൽ യാത്ര തുടരണമെന്നും എം വി ഡി ഉദ്യോഗസ്ഥർ നിർദേശം നൽകി. ആദ്യമായിട്ടല്ല തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ ബസുകൾ തടഞ്ഞ് വിദ്യാർത്ഥികളും സ്ത്രീകളുമടക്കമുള്ളവരെ നടുറോഡിൽ ഇറക്കിവിട്ടത്.

വൺ ഇന്ത്യ ടാക്‌സ് പ്രകാരം അന്തർ സംസ്ഥാന ബസുടമകൾ നികുതി അടച്ചിട്ടുണ്ട്. എന്നാൽ ഇതുപോര എന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതാണ് ബസുടമകളെ കുഴപ്പിക്കുന്നത്.

തമിഴ്‌നാട് രജിസ്‌ട്രേഷനല്ലാത്ത വാഹനങ്ങൾക്ക് വലിയ തുക നികുതിയായി നൽകണമെന്ന നിലപാട് എം വി ഡി സ്വീകരിച്ചതോടെയാണ് സർവീസുകൾ വേണ്ടെന്ന് വച്ചതെന്ന് ബസുടമകൾ പ്രതികരിച്ചു. ബസുടമകൾ സർവീസുകൾ റദ്ദാക്കിയത് മലയാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

കേരളത്തിൽ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജോലിക്കുമൊക്കെയായി നിരവധി പേരാണ് ബംഗളൂരുവിലേക്കും മറ്റും തമിഴ്‌നാട് വഴി പോകുന്നത്. തമിഴ്‌നാട് എം വി ഡിയുടെ ഈ നിലപാട് മൂലം ഇവരെല്ലാം വലഞ്ഞിരിക്കുകയാണ്.

Advertisement
Advertisement