വാരാണസിയിൽ മോദിക്കുനേരെ ചെരിപ്പെറിഞ്ഞു? വീഡിയോ

Thursday 20 June 2024 10:18 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിനുനേരെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വാരാണസിൽ വച്ച് ചെരിപ്പേറുണ്ടായെന്ന് റിപ്പോർട്ട്. വിജയിച്ചശേഷം മണ്ഡലത്തിൽ കഴിഞ്ഞദിവസമാണ് മോദി ആദ്യ സന്ദർശനത്തിനെത്തിയത്. മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറിന്റെ ബോണറ്റിൽ വന്നുവീണ ചെരിപ്പ് സുരക്ഷാ ഉദ്യോഗസ്ഥൻ എടുത്തുമാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബോണറ്റിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ എടുത്തുമാറ്റിയത് ചെരിപ്പാണോ എന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചെരിപ്പല്ല മൊബൈൽ ഫോണാണ് കാറിനുനേരെ എറിഞ്ഞതെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

റോഡരികിൽ പ്രധാനമന്ത്രിയെ കാണാൻ ജനക്കൂട്ടം തിക്കിത്തിരക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഈ ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ചെരുപ്പ് കാറിനുനേരെ വന്നതെന്നും എറിഞ്ഞയാളെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ചെരിപ്പേറ് നടന്നെങ്കിൽ അത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന 1.41 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ജനക്കൂട്ടം 'മോദി, മോദി' എന്ന് ആർത്തുവിളിക്കുന്നത് കേൾക്കാം. ഇതിനിടയിൽ ഒരു സ്ലിപ്പർ എറിഞ്ഞു എന്ന് ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

വാരാണസിയിൽ ഭൂരിപക്ഷം വർദ്ധിക്കുമെന്ന ആത്മവിശ്വാസത്തിൽ മത്സരിക്കാനിറങ്ങിയ മോദിയുടെ ഭൂരിപക്ഷം കുത്തനെ താഴുകയായിരുന്നു. 2019 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ നാലുലക്ഷത്തോളം വോട്ടുകൾക്ക് വിജയിച്ച മോദി ഇത്തവണ കഷ്ടിച്ച് ഒന്നരലക്ഷം വോട്ടിനാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ അദ്ദേഹം പിന്നിലാവുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് ആണ് മോദിയെ വെള്ളംകു‌ടിപ്പിച്ചത്. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന് പറഞ്ഞിരുന്ന എൻഡിഎ മുന്നണിക്ക് മുന്നൂറുകടക്കാൻപോലും കഴിഞ്ഞില്ല. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മോദിസർക്കാർ വീണ്ടും അധികാരത്തിലേറിയത്.

Advertisement
Advertisement