'പ്രാങ്കല്ല, അപ്പോൾ മിണ്ടാതിരുന്നെങ്കിൽ വേറെ വ്യാഖ്യാനം വന്നേനെ; റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും ആ ചോദ്യം'

Thursday 20 June 2024 10:39 AM IST

അഷ്‌കർ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് ഡി എൻ എ. നടി ഹന്ന റെജി കോശിയും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അഷ്‌കറും ഹന്നയും നൽകിയ അഭിമുഖം വിവാദമായിരുന്നു.


'സിനിമയിൽ അവസരം കൊടുക്കുന്നത് കിടന്നുകൊടുത്തിട്ടാണോ എന്ന അവതാരകയുടെ ചോദ്യമാണ് വിവാദമായത്. ചോദ്യം കേട്ടയുടൻ കഴിവുള്ളവർ വരുമെന്നും പറഞ്ഞ് അഷ്‌കർ അവതാരകയോട് പൊട്ടിത്തെറിച്ചിരുന്നു. ഞാൻ ഹനയോടാണ് ചോദിച്ചതെന്നായിരുന്നു അപ്പോഴും അവതാരകയുടെ മറുപടി. ഒടുവിൽ ഇരുവരും ദേഷ്യപ്പെട്ട്, അഭിമുഖം പകുതിയിൽ അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ പ്രാങ്ക് ആണെന്നായിരുന്നു പ്രേക്ഷകർ ആദ്യം കരുതിയിരുന്നത്. എന്നാൽ ഇത് പ്രാങ്ക് അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹന്ന റെജി കോശി ഇപ്പോൾ.


'അഭിമുഖം ടെലികാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. പിന്നെ ഡിലീറ്റഡ് ആയല്ലോ. ബാക്കിയുള്ള ഷോർട്ടുകളും മറ്റും ഡിലീറ്റ് ആക്കാൻ ശ്രമിക്കുകയാണ്. മിണ്ടാതിരുന്നില്ല, അങ്ങനെയായിരുന്നെങ്കിൽ അതിന് വേറെ വ്യാഖ്യാനം വന്നേനെ. മിണ്ടി, പ്രതികരിച്ചു അത് കഴിഞ്ഞു.

നമ്മൾ ഒരു സിനിമയുടെ പ്രമോഷന് പോകുമ്പോഴല്ലേ ഇത്തരം ചോദ്യങ്ങൾ വരുന്നത്. ചുമ്മാ എന്നെയും അഷ്‌കറിനെയും ആരെങ്കിലും അഭിമുഖം ചെയ്യുമോ. സിനിമയുടെ പ്രമോഷന് പോകുമ്പോഴല്ലേ. ആ സമയത്ത് വരുന്ന ചോദ്യങ്ങൾ എന്തുതന്നെയായാലും, നല്ലൊരു പോസിറ്റീവ് സ്‌റ്റേറ്റ്‌മെന്റ് വൈറലായി. ആ സമയത്ത് നിങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടിയാണോ ഇങ്ങനെ കണ്ടന്റ് ഇട്ടതെന്ന് ആരും ചോദിക്കുന്നില്ല. നെഗറ്റീവ് വരുമ്പോൾ മാത്രമാണല്ലോ പ്രമോഷന് വേണ്ടിയാണോന്ന് ചോദിക്കുന്നത്.

ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും അവർ ചോദിക്കുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടായിരിക്കുമല്ലോ നിങ്ങൾ ഇപ്പോൾ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. ഞാൻ പ്രതികരിച്ചു. അതവിടെ കഴിഞ്ഞു. ഞാൻ അവതാരകയോട് തിരിച്ച് ചോദിച്ചത്, താങ്കളോട് ഞാൻ തിരിച്ച് അങ്ങനെ ചോദിച്ചാൽ എങ്ങനെ ഫീൽ ചെയ്യുമെന്നാണ്.'- നടി മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.

വിഷയത്തിൽ അഷ്‌കറും പ്രതികരിച്ചു. 'എല്ലാ സ്ത്രീകളെയും ഒരുപോലെ കാണുന്നവരാണ് നമ്മൾ. സ്ത്രീകളെ അപമാനിച്ച് അങ്ങനെ പറയാൻ പാടില്ല. എന്റെ അമ്മ, എന്റെ പെങ്ങൾ ഒരുപാടുപേരുണ്ട്. മലയാള സിനിമയെന്നല്ല, എല്ലാ ഫീൽഡിലും ഇപ്പോൾ സ്ത്രീകളാണ് മുൻപന്തിയിൽ നിൽക്കുന്നത്. അങ്ങനെയൊരു മോശമായ ചോദ്യം ഒരിക്കലും ചോദിക്കാൻ പാടില്ല. അവരുടെ ആ സമയത്തെ ആവേശം കൊണ്ട് ചോദിച്ചതാണോയെന്ന് അറിയില്ല. ആരെയും കുറ്റം പറയാൻ പറ്റില്ല. ഒരു ചോദ്യം, വാക്ക് തിരിച്ചെടുക്കാൻ പാടില്ല. നമ്മൾ അത് വിട്ടു.'- അഷ്‌കർ വ്യക്തമാക്കി.

Advertisement
Advertisement