എന്തുകൊണ്ട് വെള്ള ടി ഷർട്ട് മാത്രം ധരിക്കുന്നു? യഥാർത്ഥ കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി

Thursday 20 June 2024 11:04 AM IST

ന്യൂഡൽഹി: വെള്ള ടിഷർട്ടും പാന്റും ക്യാൻവാസ് ഷൂസും ധരിച്ച് ഒരു ചുള്ളൻ ലുക്കിലാണ് കഴിഞ്ഞ കുറച്ചുനാളായി രാഹുൽ ഗാന്ധി പൊതുവേദികളിൽ ഉൾപ്പടെ പ്രത്യക്ഷപ്പെടുന്നത്. ഒരു രാഷ്ട്രീയക്കാരന് സമൂഹം കല്പിച്ചുകൊടുത്ത വേഷങ്ങൾ അദ്ദേഹം ഉപേക്ഷിച്ചിട്ട് നാളുകുറച്ചായി. ഇതിന് കാരണമായി നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പക്ഷേ, ഇതൊന്നുമായിരുന്നില്ല യാഥാർത്ഥ്യമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. വെള്ള ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം ഒടുവിൽ രാഹുൽ തന്നെ വെളിപ്പെടുത്തി.

തന്റെ 54 ാം ജന്മദിനത്തിൽ ആംശസകൾ അറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിലാണ് ടി ഷർട്ട് ധരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. വെളുത്ത ടി ഷർട്ട് സുതാര്യത, ദൃഢത, ലാളിത്യം എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

'നിങ്ങളുടെ ജന്മദിനാശംസകൾക്ക് എന്റെ ഹൃദയംഗമമായ നന്ദി. ഞാൻ എപ്പോഴും വെളുത്ത ടീ ഷർട്ട് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് പലപ്പോഴും ചോദിക്കാറുണ്ട് - ഈ ടി ഷർട്ട് സുതാര്യത, ദൃഢത, ലാളിത്യം എന്നിവയുടെ പ്രതീകമാണ്. അതുകൊണ്ടാണ് ധരിക്കുന്നത്' രാഹുൽ പറഞ്ഞു. ഇതിനാെപ്പം 'വൈറ്റ് ടി ഷർട്ട്' ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. 'ഈ മൂല്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ പ്രയോജനം ഉണ്ടാക്കും. വൈറ്റ് ടി ഷർട്ട് ധരിച്ചശേഷം അനുഭവങ്ങൾ എന്നോട് പറയൂ. ഞാൻ ഒരു വൈറ്റ് ടി ഷർട്ട് നിങ്ങൾക്ക് സമ്മാനമായി നൽകും. എല്ലാവർക്കും ഒത്തിരി സ്നേഹം' എന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണിയുടെ തകർപ്പൻ പ്രകടനത്തിലൂടെ രാഹുലും പ്രിയങ്കയും രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ വിജയിച്ചത്. വയനാട് മണ്ഡലം ഒഴിയുന്ന രാഹുൽ റായ്ബറേലി നിലനിർത്തുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞദിവസം രാഹുലും പ്രിയങ്കയും ഡൽഹിയിലെ പാർട്ടി ആസ്ഥാനം സന്ദർശിച്ചിരുന്നു.

Advertisement
Advertisement