ബോയ്ഫ്രണ്ടിന്റെ സുഹൃത്തിനെ വിവാഹം കഴിച്ചു, വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് ശ്വേത മേനോന്‍

Thursday 20 June 2024 2:57 PM IST

മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോന്‍. കുടുംബ ജീവിതത്തിന് ഒപ്പം അഭിനയരംഗത്തും താരം സജീവമാണ്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും മകള്‍ക്കും ഒപ്പമാണ് നടിയുടെ താമസം. ഇപ്പോഴിതാ തന്റെ അദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ബോളിവുഡ് നടന്‍ ബോബി ബോന്‍സ്ലെ ആയിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ബോബിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും പിന്നീട് പിരിഞ്ഞതിനെക്കുറിച്ചും ശ്വേത പറയുന്നു.

തന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ബോബി. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ആണ്‍സുഹൃത്തുമായി പിരിഞ്ഞു. അതോടെയാണ് ബോബിയുമായി അടുപ്പത്തിലായതും പിന്നീട് വിവാഹം കഴിച്ചതും. ബോബിയുമായുള്ള വിവാഹത്തെ ഒരിക്കലും തന്റെ പിതാവ് എതിര്‍ത്തിരുന്നില്ലെന്നും എന്നാല്‍ അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് നിരവധി തവണ വന്ന് ചോദിച്ചിരുന്നുവെന്നും ശ്വേത പറയുന്നു.

നമുക്ക് ഇത് വേണോ എന്നായിരുന്നു അന്ന് അച്ഛന്‍ ചോദിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ ആ വിവാഹം നടക്കില്ലായിരുന്നുവെന്നാണ് താരം പറഞ്ഞത്.

'ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ പറയുന്നതെല്ലാം നെഗറ്റീവ് ആയിട്ട് മാത്രമേ ആളുകള്‍ കാണുകയുള്ളൂവെന്നാണ് അച്ഛന്‍ എപ്പോഴും പറയാറുള്ളത്. ആ ചിന്ത കൊണ്ട് തന്നെയാണ് നമുക്ക് ഇത് വേണോ എന്ന് ചോദിച്ച് എന്നെ പിന്തിരിപ്പിക്കാന്‍ അച്ഛന്‍ ശ്രമിക്കാത്തതിന് പിന്നില്‍. എന്റെ മനസ്സില്‍ നെഗറ്റീവ് ഫീല്‍ ഉണ്ടാക്കരുതെന്ന് അച്ഛന് അന്ന് തോന്നിയിട്ടുണ്ടാകും'- ശ്വേത പറഞ്ഞു.

ഇന്ന് താനും ഒരു രക്ഷകര്‍ത്താവായതിനാല്‍ അന്ന് അച്ഛന്‍ ചോദിക്കാന്‍ ഉദ്ദേശിച്ച കാര്യം എന്താണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിയും. അച്ഛനും അമ്മയും ആണെന്ന് പറഞ്ഞ് കൊമ്പത്ത് കയറി ഇരിക്കാന്‍ പാടില്ലെന്നും കുട്ടികളുമായി കമ്മ്യൂണിക്കേഷന്‍ വളരെ പ്രധാനമാണെന്നും ഇന്ന് താന്‍ എല്ലാവരോടും പറയാറുണ്ടെന്നും നടി വ്യക്തമാക്കി. അന്ന് വിവാഹത്തിന് അച്ഛന്‍ സമ്മതം പറഞ്ഞതുകൊണ്ട് തന്നെ ഞാന്‍ അതിന്റെ ഒരു ആഘോഷത്തിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുന്നതിന് പകരം ഇത് വേണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ വിവാഹം നടക്കില്ലായിരുന്നുവെന്നും നടി ആവര്‍ത്തിച്ചു.

എന്നാല്‍ മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ടെന്നും ബോബി വിളിക്കുമ്പോള്‍ അന്ന് നമ്മള്‍ എത്ര മണ്ടത്തരമാണ് ചെയ്തതെന്ന് പറഞ്ഞ് പരസ്പരം കളിയാക്കാറുണ്ടെന്നും ശ്വേത പറഞ്ഞു. എന്റെ പങ്കാളിയാകാനുള്ള പക്വത ബോബിക്ക് ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല. റൊമാന്‍സില്‍ നമ്മള്‍ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭര്‍ത്താവും തമ്മില്‍ ഭയങ്കര വ്യത്യാസമാണ്. സ്‌നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാന്‍ പറയാറുണ്ട്. ആള്‍ക്കാര്‍ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പാടില്ല.

എന്റെ കുറേ ഫ്രണ്ട്‌സ് കല്യാണം കഴിച്ചു, അപ്പോള്‍ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ എന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. ഭര്‍ത്താവ് നല്‍കുന്ന സുരക്ഷിതത്വമുള്ളതുകൊണ്ടാണ് മുന്‍ ഭര്‍ത്താവ് ഫോണില്‍ വിളിക്കുമ്പോള്‍ ധൈര്യത്തോടെ സംസാരിക്കാനും പരസ്പരം കളിയാക്കാനും ഒക്കെ കഴിയുന്നതെന്നും ശ്വേത മേനോന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Advertisement
Advertisement