"റഷ്യ - യുക്രെയിൻ യുദ്ധം നിർത്തിച്ചെന്നാണ് മോദിജി പറയുന്നത്, എന്നാൽ ചില കാരണങ്ങൾ കൊണ്ട് ചോദ്യ പേപ്പർ ചോർച്ച തടയാനായില്ല"

Thursday 20 June 2024 4:12 PM IST

ന്യൂഡൽഹി: യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ആയിരക്കണക്കിന് ആളുകളാണ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പരാതി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

'റഷ്യ -യുക്രെയിൻ യുദ്ധം നിർത്തിച്ചെന്നാണ് മോദിജി പറയുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ ചോദ്യ പേപ്പർ ചോർച്ച തടയാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ തടയാൻ ആഗ്രഹിക്കുന്നില്ല'- രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞു.


വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതാണ് ചോദ്യ പേപ്പർ ചോർച്ചയ്ക്ക് കാരണം. ഇത് മാറാത്ത കാലത്തോളം പേപ്പർ ചോർച്ച തുടരും. മോദിജി ഇതിന് സൗകര്യമൊരുക്കി. ഇത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


'നമ്മുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, അവർ ഒരു പ്രത്യേക സംഘടനയിൽപ്പെട്ടവരായതിനാലാണ്. ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കടന്നുകയറി അതിനെ തകർത്തു,' - രാഹുൽ ഗാന്ധി പറഞ്ഞു.

ക്രമക്കേട് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ പുതിയ തീയതി പിന്നീടറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവം സി ബി ഐ അന്വേഷിക്കും.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ യു ജി സിക്ക് ഇന്നലെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാൽ എന്താണ് സംഭവിച്ചതെന്നോ, ഏത് സെന്ററിലാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒ.എം.ആർ രീതിയിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്.

Advertisement
Advertisement