കട്ടപിടിക്കാത്ത, സൂപ്പർ ടേസ്റ്റിയായ ഉപ്പുമാവ് ജീവിതത്തിൽ ആദ്യമായി ഉണ്ടാക്കിയതിന്റെ ക്രെഡിറ്റ് വേണോ?

Thursday 20 June 2024 4:52 PM IST

ഉണ്ടാക്കാൻ വളരെ സിംപിളാണെങ്കിലും മിക്കവരും മടിക്കുന്ന വിഭവമാണ് ഉപ്പുമാവ്. ഉണ്ടാക്കാൻ അറിയാമെങ്കിൽ വെറും പത്തുമിനിട്ട് മതിയാവും നല്ല രുചികരമായ ഉപ്പുമാവ് തയ്യാറാക്കാൻ. എന്നാൽ ഉണ്ടാക്കിക്കഴിയുമ്പോൾ ഉപ്പുമാവ് കട്ടയായിപ്പോകുന്നതാണ് മിക്കവരുടെയും പരാതി,​ മാത്രമല്ല പ്രതീക്ഷിച്ച രുചിയും കിട്ടാറില്ല. ഇനി ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ വളരെ ഈസിയായി നല്ല രുചിയേറിയ ഉപ്പുമാവ് ഒട്ടും കട്ടപിടിക്കാത്ത രീതിയിൽ തയ്യാറാക്കാൻ കഴിഞ്ഞാലോ?​

ആദ്യം ഒരു പാൻ ചൂടാക്കാൻ വച്ചതിനുശേഷം ഇതിൽ ഒരു കപ്പ് റവ വറുത്തെടുക്കാം. മീഡിയം ഫ്ളെയിമിൽ അഞ്ചുമിനിട്ടുനേരം വറുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പുമാവ് കുറച്ചുകൂടി സോഫ്‌ടാവുകയും കട്ടപിടിക്കാതിരിക്കുകയും ചെയ്യും. റവയുടെ നിറം മാറുന്നതിനുമുൻപ് തന്നെ തീ അണച്ച് പാനിൽ നിന്ന് മാറ്റണം.

അടുത്തതായി പാനിൽ ഒരു ടേബിൾ സ്‌പൂൺ എണ്ണയും ഒരു സ്‌പൂൺ നെയ്യും ചൂടാക്കിയതിനുശേഷം അര ടീസ്‌‌പൂൺ കടുക് ചേർക്കണം. കടുക് പൊട്ടിക്കഴിഞ്ഞ് തീ കുറച്ചതിനുശേഷം ഇര ടീസ്‌പൂൺ ഉഴുന്ന്, കശുവണ്ടി എന്നിവ ചേർത്തിളക്കാം. ഇവ രണ്ടും വേണമെങ്കിൽ ചേർത്താൽ മതിയാവും.

ശേഷം ഒരു പച്ചമുളക്, ചെറിയൊരു കഷ്ണം ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത്, രണ്ടുതണ്ട് കറിവേപ്പില, ഒരു ഉണക്ക മുളക് രണ്ടായി മുറിച്ചത് എന്നിവച്ചേർത്ത് വഴറ്റാം. അടുത്തതായി ചെറിയ സവാള, പകുതി ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് ഒരു ടീസ്‌പൂൺ ഉപ്പ് എന്നിവച്ചേർത്ത് രണ്ടുമിനിട്ട് വഴറ്റിയെടുക്കാം. ഇതിലേയ്ക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ഒഴിക്കണം. ഒരുകപ്പ് റവയ്ക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം എന്നതാണ് കണക്ക്. ഉപ്പുമാവ് കൂടുതൽ കുഴഞ്ഞതാകണമെങ്കിൽ അരകപ്പ് വെള്ളം കൂടി ചേർക്കാം.

ഇതിലേയ്ക്ക് ഒരു സ്‌പൂൺ നെയ്യ് കൂടി ചേർത്ത് വെള്ളം നന്നായി തിളക്കുന്നതുവരെ കാക്കാം. നന്നായി തിളച്ചുകഴിയുമ്പോൾ മീഡിയം ഫ്ളെയിമിലിട്ട് നേരത്തെ വറുത്തുവച്ചിരിക്കുന്ന റവ കുറച്ചുകുറച്ചായി ചേർത്ത് ഇളക്കിക്കൊടുക്കാം. ഒരുമിച്ച് ചേർക്കുന്നത് റവ കട്ടയാകുന്നതിന് കാരണമാവും. എല്ലാംചേർത്തതിനുശേഷം തീ നന്നായി കുറച്ച് പാത്രം അടച്ചുവച്ച് ഒരുമിനിട്ട് വേവിക്കണം. ഇനി തീ അണച്ചതിനുശേഷം അഞ്ചുമിനിട്ടുനേരം കൂടി മൂടി മാറ്റാതെ വച്ചിരിക്കണം. അവസാനമായി അര സ്‌പൂൺ പഞ്ചസാര ചേർത്ത് ഉപ്പുമാവ് നന്നായി കട്ടമാറ്റി ഇളക്കിയെടുക്കാം. നല്ല രുചിയേറിയ ഉപ്പുമാവ് റെഡിയായി.

Advertisement
Advertisement