യുപിയിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തു; ലിംഗമാറ്റ ശസ്‌ത്രക്രിയ ചെയ്തതായും പരാതി

Thursday 20 June 2024 5:28 PM IST

ലക്‌നൗ: ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്യുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തതായി പരാതി. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിയായ മുജാഹിദാണ് (20) ദാരുണമായ അതിക്രമത്തിനിരയായത്.

മൻസൂർപൂരിലെ ബെഗ്രാജ്‌പൂർ മെഡിക്കൽ കോളേജിൽ ജൂൺ മൂന്നിനാണ് ശസ്ത്രക്രിയ നടന്നത്. ഓംപ്രകാശ് എന്ന യുവാവാണ് തന്നെ ചതിച്ചതെന്ന് സഞ്ചക് ഗ്രാമവാസിയായ മുജാഹിദ് പറയുന്നു. ഡോക്‌ടർമാരെ പാട്ടിലാക്കിയതിനുശേഷമാണ് ഓംപ്രകാശ് ശസ്ത്രക്രിയ ചെയ്യിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി ഓംപ്രകാശം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മുജാഹിദ് പറയുന്നു. തനിക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് നൽകി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമാണ് മുജാഹിദ് ആരോപിക്കുന്നത്.

സ്ത്രീയായി മാറിയതിനാൽ കുടുംബത്തിലും സമൂഹത്തിലും ആരും അംഗീകരിക്കില്ലെന്നും അതിനാൽ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്ന് നിർബന്ധിച്ചതായും മുജാഹിദ് പറഞ്ഞു. പിതാവിനെ കൊല്ലുമെന്നും സ്വത്ത് തട്ടിയെടുക്കുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു. ഒരു അഭിഭാഷകനെ ഏർപ്പെടുത്തിയെന്നും കോടതിയിൽവച്ച് വിവാഹിതരാകാനുള്ള ഏർപ്പാടുകൾ ചെയ്തുവെന്നും ഓംപ്രകാശ് പറഞ്ഞതായും ഇരുപതുകാരൻ പറയുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ കിസാൻ യൂണിയൻ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകി. ആശുപത്രിയിൽ അവയവക്കടത്തും സമ്മതമില്ലാത്ത ലിംഗമാറ്റ ശസ്ത്രക്രിയയും നടക്കുന്നതായി കർഷക സമിതി ആരോപിച്ചു. സംഭവത്തിൽ മുജാഹിദിന്റെ പിതാവിന്റെ പരാതിയിൽ ഓംപ്രകാശ് അറസ്റ്റിലായി. മുജാഹിദിനെ രണ്ടുകോടി നഷ്ടപരിഹാരം ലഭിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Advertisement
Advertisement