47കാരന്റെ മരണം കൊലപാതകം; യുവതിയടക്കം 3സുഹൃത്തുക്കൾ പിടിയിൽ

Friday 21 June 2024 1:36 AM IST

കൊലയിലേക്ക് നയിച്ചത് യുവതിയെ തല്ലിയതിന്റെ പ്രതികാരം

മാവേലിക്കര : മിച്ചൽ ജംഗ്ഷന് സമീപം യൂണിയൻ ബാങ്കിന് മുന്നിൽ 47കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ വനിതാസുഹൃത്ത് ഉൾപ്പടെ മൂന്ന് പേരെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെന്നിത്തല ഒരിപ്രം കാർത്തികയിൽ രാജേഷ് ഭവനത്തിൽ രാജേഷിനെ (47) കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തുക്കളായ പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്മിത കെ.രാജ് (37), കാരാഴ്മ ചെറുകോൽ മനാതിയിൽ വീട്ടിൽ ബിജു (42), പത്തനംതിട്ട ഇലവുംതിട്ട സ്വദേശി സജീവൻ (സനു​,38) എന്നിവർ പിടിയിലായത്. യുവതിയുടെ നിർദ്ദേശപ്രകാരമാണ് ബിജുവും സനുവും രാജേഷിനെ മർദ്ദിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നേരത്തേ പരിചയക്കാരായ രാജേഷും സുനുവും ബിജുവും മറ്റൊരാളും തിങ്കളാഴ്ച രാവിലെ മുതൽ പലസ്ഥലങ്ങളിലായി ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിൽ മാവേലിക്കരയിലെ ബാറിൽ എത്തിയപ്പോൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രാജേഷിനെ ബാറിൽ നിന്നും ജീവനക്കാർ പുറത്താക്കി. തുടർന്ന് ഇയാൾ ബാറിന് എതിർവശമുള്ള യൂണിയൻ ബാങ്കിന്റെ വരാന്തയിൽ ചെന്നിരുന്നു. രാത്രി 12.15ന് ബൈക്കിലെത്തിയ സുനുവും ബിജുവും ചേർന്ന് രാജേഷുമായി തർക്കിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. രാജേഷ് തലയിടിച്ച് തറയിൽ വീണതോടെ സ്ഥലത്തു നിന്ന് പോയ ഇരുവരും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തി വീണുകിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം മടങ്ങി.

പ്രതികളിൽ സ്മിതയുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബിജുവിന്റെയും സനുവിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

യുവതി കുടുങ്ങിയത് ബാറിലെ പണം ഗൂഗിൾ പേ ചെയ്തതിലൂടെ

മാവേലിക്കരയിലെ ബാറിൽ നിന്ന് ബിജുവും സനുവും മദ്യപിച്ചതിന്റെ ബില്ല് ഗുഗിൾപേ വഴി അടച്ചതാണ് കേസിൽ സ്മിതയുടെ പങ്കാളിത്തം പുറത്തുകൊണ്ടുവന്നത്. കൂടാതെ അറസ്റ്റിലായ യുവാക്കളുടെ മൊബൈലിൽ സൂക്ഷിച്ചിരുന്ന സന്ദേശങ്ങളിൽ യുവതി 'രാജേഷിനെ അടിക്കടാ' എന്ന് ആക്രോശിക്കുന്ന ശബ്ദം ഉള്ളതായും വിവരമുണ്ട്.

രാജേഷ് ചങ്ങനാശ്ശേരിയിൽ വിവാഹ ബ്യൂറോ നടത്തിയിരുന്നപ്പോൾ അവിടെ ജീവനക്കാരിയായിരുന്നു സ്മിത. ഇപ്പോൾ ഈ സ്ഥാപനം സ്മിതയാണ് നടത്തിവരുന്നത്. രാജേഷ് ജീവനക്കാരനായി തുടരുകയായിരുന്നു . എന്നാൽ അടുത്തിടെ വേറെ ചില ജീവനക്കാരെ കൂടി സ്ഥാപനത്തിൽ സ്മിത നിയമിച്ചതിനെച്ചൊല്ലി തർക്കം ഉണ്ടാകുകയും സ്മിതയെ രാജേഷ് മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സുഹൃത്തുക്കളെ കൊണ്ട് രാജേഷിനെ ആക്രമിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement