കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് കോ ഓപറേറ്റീവ് വെൽഫെയർ സൊസൈറ്റി തട്ടിപ്പ്; മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി
കാസർകോട് :കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ കർമ്മന്തൊടി ബാളക്കണ്ടത്തെ കെ.രതീഷുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി.
കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കോടതി പ്രതികളെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. രതീഷിനെ ഇന്നലെ കാറഡുക്ക സൊസൈറ്റിയിലെത്തിച്ച് തെളിവെടുത്തു. കേസിൽ ഇതുവരെ ആറ് പ്രതികളാണ് അറസ്റ്റിലായത്. നേരത്തെ ക്രൈംബ്രാഞ്ച് ആറ് പ്രതികളെയും കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പണം ഏതൊക്കെ വഴികളിലൂടെയാണ് പോയതെന്നതിനെ കുറിച്ച് വ്യക്തത വന്നെങ്കിലും ഇടപാടുകളുടെ കാര്യത്തിലുള്ള ദുരൂഹത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്.
മറ്റ് പ്രതികളായ ബേക്കൽ ഹദ്ദാദ് നഗറിലെ മുഹമ്മദ് ബഷീർ, പറക്കളായി ഏഴാംമൈലിലെ അബ്ദുൾഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനിൽകുമാർ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്ന് കാറഡുക്ക സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി പണയം വച്ച സ്വർണ്ണാഭരണങ്ങൾ വിവിധ ബാങ്കുകളിൽ നിന്നായി കണ്ടെടുത്തിരുന്നു. തട്ടിപ്പ് നടത്തിയതായി വ്യക്തമായതിനെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട രതീഷ് ഇടയ്ക്ക് സൊസൈറ്റിയിലെത്തി ലോക്കറിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കടത്തുകയായിരുന്നു. ഈ ആഭരണങ്ങൾ കൂട്ടുപ്രതികളാണ് കേരള ബാങ്കിന്റെ കാഞ്ഞങ്ങാട്, പെരിയ ശാഖകളിലും കാനറാ ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളിലും പണയം വച്ചത്. ഇതിലൂടെ ലഭിച്ച പണം രതീഷിന് നൽകിയെന്നാണ് കൂട്ടുപ്രതികളായ മൂന്നുപേർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ പണം തനിക്ക് ലഭിച്ചില്ലെന്നായിരുന്നു രതീഷിന്റെ മൊഴി. ഇക്കാര്യത്തിൽ പ്രതികളുടെ മൊഴി പരസ്പര വിരുദ്ധമായതിനാൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് രതീഷിനൊപ്പം പിടിയിലായ അബ്ദുൾ ജബ്ബാറാണ് തട്ടിപ്പിന്റെ ഇടനിലക്കാരനെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ജബ്ബാർ പല തവണകളായി രതീഷിൽ നിന്ന് പണം കൈക്കലാക്കിയിരുന്നു. ഈ പണം ജബ്ബാർ കോഴിക്കോട്ടുള്ള നബീനിന്റെ അക്കൗണ്ടിലേക്കാണ് അയച്ചത്. അതേസമയം പണം പിൻവലിച്ച് ജബ്ബാറിന് നൽകിയെന്നായിരുന്നു നബീനിന്റെ മൊഴി. ജബ്ബാറിന്റെ കൈവശം പണം കണ്ടെത്താനും സാധിച്ചില്ല.