നീറ്റ് പരീക്ഷ റദ്ദാക്കില്ല,​ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കും,​ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്രസർക്കാർ

Thursday 20 June 2024 8:07 PM IST

ന്യൂഡൽഹി: നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ലെന്ന് സൂചന നൽകി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ടി.എയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി.

ബീഹാറിലേത് ഒറ്റപ്പെട്ട സംഭവമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബീഹാർ സർക്കാരിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ചില വിവരങ്ങൾ അവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ജി.സി നെറ്റ് പരീക്ഷാനടത്തിപ്പിനെ കുറിച്ചുള്ള ആശങ്കകൾ കാരണം റദ്ദാക്കിയ പരീക്ഷകളുടെ

തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Advertisement
Advertisement