അരവിന്ദ് കേജ്‌രിവാളിന് ആശ്വാസം; മദ്യനയക്കേസിൽ ജാമ്യം അനുവദിച്ച് കോടതി

Thursday 20 June 2024 8:20 PM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്‌ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കേജ്‌രിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്.

ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കേജ്‌രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും ഇയാൾ വ്യവസായികളിൽ നിന്ന് വൻ തുക കെെപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.

ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നാണ് ഇഡിയുടെ വാദം. എന്നാൽ ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നാണ് കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചു.

മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Advertisement
Advertisement