കെ - പോപ്പ് ഇഷ്ടമാണോ? കൊറിയയിൽ എത്താൻ ഇന്ത്യക്കാർക്ക് കിടിലൻ സൗകര്യം ഒരുക്കി ദക്ഷിണ കൊറിയ

Thursday 20 June 2024 9:25 PM IST

കെ - പോപ്പ് ( കൊറിയൻ പോപ്പ് ) താരത്തെ പോലെ പരിശീലനം സ്വപ്നം കാണുന്ന വിദേശ പൗരന്മാർക്കായി പുതിയ വിസ അവതരിപ്പിക്കാനൊരുങ്ങി ദക്ഷിണ കൊറിയ. ഇന്ത്യ ഉൾപ്പെടയുള്ള രാജ്യത്തെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

'കെ - കൾച്ചർ ട്രെയിനിംഗ് വിസ ' എന്ന് പേരിട്ടിരിക്കുന്ന വിസയിലെത്തുന്ന വിദേശികൾക്ക് കെ - പോപ്പ് സംഗീതം, ഡാൻസ്, കോറിയോഗ്രാഫി, മോഡലിംഗ് എന്നിവയിൽ പരിശീലനം നേടാമെന്ന് ധനകാര്യ മന്ത്രാലയം പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വിസ ഉടൻ പ്രാബല്യത്തിൽ വരും. വിസ അപേക്ഷിക്കുന്നവർക്ക് ടാലന്റ് ഏജൻസികളുടെ ഓഡീഷനോ ഓഫറുകളോ ആവശ്യമില്ല.

ബിടിഎസ്, ബ്ലാക്ക് പിങ്ക്, എക്‌സോ, ടി എക്സ് ടി തുടങ്ങിയ പോപ്പ് ബാൻഡുകൾ ലോകശ്രദ്ധ നേടിയതോടെയാണ് കെ - പോപ്പിനും കൊറിയൻ സംസ്കാരത്തിനും ആരാധകരേറിയത്. കൊവിഡ് കാലത്തെ ലോക്‌ഡൗൺ സമയത്താണ് ഇന്ത്യയിൽ കൂടുതലും കെപോപ്പ് ശ്രദ്ധ നേടിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന സമയത്ത് കേരളത്തിലെ അടക്കമുള്ള യുവാക്കൾക്കിടയിൽ ഒരു വിപ്ലവം തന്നെ ബിടിഎസ് പോലുള്ള ബാൻഡുകൾ സൃഷ്ടിച്ചു. കൊറിയൻ ഡ്രാമകൾക്കും സിനിമകൾക്കും ഗാനങ്ങൾക്കും ഇപ്പോൾ ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. അതിനാൽ തന്നെ കൊറിയയിൽ എത്താൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. അവർക്ക് ഈ വിസ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement