ഈ വർഷം 4300 കോടീശ്വരൻമാർ ഇന്ത്യ വിടും, താമസം മാറ്റുന്നത് ഈ രാജ്യത്തേക്ക്

Thursday 20 June 2024 9:33 PM IST

ന്യൂഡൽഹി : ഈ വർഷം ഏകദേശം 4300 കോടീശ്വരൻമാർ ഇന്ത്യ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹെൻലി ആൻഡ് പാർട്‌ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ചൈനയ്‌ക്കും യു.കെ യ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4300 കോടീശ്വരൻമാർ രാജ്യം വിടുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ആഗോളതലത്തിൽ ചൈനയിൽ നിന്നാണ് കോടീശ്വരൻമാരുടെ പുറത്തേക്കുള്ള ഒഴുക്ക് കൂടുതൽ . ഈ വർഷം 15200 ഉയർന്ന ആസ്തിയുള്ള വ്യക്തികൾ ചൈന വിടുമെന്നാണ് കണക്കൂകൂട്ടൽ. രണ്ടാം സ്ഥാനത്തുള്ള യു.കെയിൽ നിന്ന് 9500 പേർ രാജ്യം വിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കോടീശ്വരൻമാർ പോകാനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മറ്റെല്ലാവരെയും പിന്നിലാക്കി യു.എ.ഇ മുന്നിലെത്തുമെന്നും റിപ്പോർട്ടിലുണ്ട്. തുടർച്ചയായി മൂന്നാവർഷവും കോടീശ്വരൻമാരുടെ ഏറ്റവും മികച്ച ചോയ്സ് എന്ന പദവി യു.എ.ഇ നിലനിറുത്തി.

ഈ വർഷാവസാനത്തോടെ 6700 സമ്പന്ന കുടിയേറ്റക്കാർ എമിറേറ്റ്സിനെ അവരുടെ പുതിയ വീടായി മാറ്റിമെന്നാണ് പ്രതീക്ഷിക്കുന്നത്.

മദ്ധ്യ പൂർവമേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ലവർക്കൊപ്പം ബ്രിട്ടീഷ് കോടീശ്വരൻമാരുടെ വരവും യു.എ.ഇയിലേക്ക് ഇത്തവണ വൻതോതിൽ ഉണ്ടാകും. പത്ത് ലക്ഷം ഡോളറോ (8.34 കോടി രൂപ) അതിൽ കൂടുതലോ നിക്ഷേപശേഷിയുള്ളവരെയാണ് ഉയർന്ന ആസ്തിയുള്ളവരായി റിപ്പോർട്ട് കണക്കിലെടുത്തത്. നിലവിൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ 14ാം സ്ഥാനത്താണ് യു.എ.ഇ. 1,16,500 കോടീശ്വരൻമാരും 308 ശതകോടീശ്വരൻമാരും 20 സഹസ്രകോടീശ്വരൻമാരും നിലവിൽ യു.എ.ഇയിലുണ്ട്. ആദായ നികുതിയില്ല, ഗോൾഡൻ വിസ. ആഡംബര ജീവിതം, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്ടിവിറ്റി എന്നിവയാണ് യൂറോപ്പിൽ നിന്നുള്ള കോടീശ്വരൻമാരെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നത്. റിയൽ എസ്റ്റേറ്റ് വിപണിയിലെ വൻമുന്നേറ്റവും ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രധാന കാരണമാണ്. യു.കെയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികളും കോടീശ്വരൻമാരെ യു.എ.ഇയിലേക്കെത്തിക്കുന്നു. യു.,എസ്, സിംഗപ്പൂർ, കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി, സ്വിറ്റ്സർലാൻഡ്, ഗ്രീസ് , പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരൻമാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ,​

കഴിഞ്ഞവർഷം 1,20,000 കോടീശ്വരന്മാർ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റി. ഈ വർഷം അത് 1,28,000 ആയും 2025ൽ 1,35,000 ആയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു

Advertisement
Advertisement