എൻ.ടി.എ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രം, നീറ്റ് റദ്ദാക്കില്ല, തെറ്റുപറ്റിയെന്നും കേന്ദ്രമന്ത്രി

Friday 21 June 2024 4:14 AM IST

ന്യൂഡൽഹി: കോഴയിലും ചോദ്യപേപ്പർ ചോർച്ചയിലും മുങ്ങിയ യു.ജി നീറ്റ് റിസൾട്ട് റദ്ദാക്കില്ലെന്ന് കേന്ദ്രം. കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് നേടിയവരെ മാനിച്ചാണിത്. ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരം ദേശീയ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) സുതാര്യത ഉറപ്പാക്കും. നീറ്റ് വിവാദത്തിന് പിറകേ, ക്രമക്കേടിന്റെ പേരിൽ യു.ജി.സി നെറ്റും റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിശദീകരണം. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നലെ വാർത്താ സമ്മേളനം വിളിക്കുകയായിരുന്നു.

നെറ്റും നീറ്റും വ്യത്യസ്‌‌തമാണെന്ന് മന്ത്രി വിശദീകരിച്ചു. നീറ്റെഴുതിയ ലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികളുടെ താത്‌പര്യം കണക്കിലെടുക്കണം. ചോദ്യപേപ്പർ ചോർച്ചയിൽ ബിഹാർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് തേടിയിട്ടുണ്ട്. ചില മേഖലകളിൽ തെറ്റു സംഭവിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കുറ്റക്കാർ ഏത് ഉന്നതരായാലും വിടില്ല. എൻ.ടി.എയുടെ ഘടന, പ്രവർത്തനം, പരീക്ഷാ നടത്തിപ്പ് എന്നിവ മെച്ചപ്പെടുത്തും. ഡാറ്റാ സുരക്ഷ ഉറപ്പാക്കും.

മേയ് അഞ്ചിനായിരുന്നു നീറ്റ്. ഇതിന്റെ തലേദിവസം ചോദ്യപേപ്പർ ലഭിച്ചെന്നും മന:പാഠമാക്കി പരീക്ഷയെഴുതിയെന്നുമാണ് ബിഹാറിൽ അറസ്റ്റിലായ അനുരാഗ് യാദവിന്റെ മൊഴി. അമ്മാവൻ സിക്കന്ദർ പ്രസാദ് യാദവേന്ദുവാണ് 30 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ സംഘടിപ്പിച്ചത്.

യാദവേന്ദുവിന് താമസ സൗകര്യം ഒരുക്കിയത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പേഴ്‌സണൽ സെക്രട്ടറി പ്രീതംകുമാർ ആണെന്ന് ബി.ജെ.പി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹ ആരോപിച്ചു.

അതിനിടെ നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ സംഘടനകളിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിതിചെയ്യുന്ന ശാസ്‌ത്രിഭവനു മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി.

കൗൺസലിംഗിന്

സ്റ്റേയില്ല

നീറ്റ് യു.ജി വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കൗൺസലിംഗ് സ്റ്റേ ചെയ്തില്ല

അതേസമയം, പ്രവേശന നടപടികൾ പരാതികളുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കുമെന്ന് കോടതി

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് രാജസ്ഥാൻ, കൽക്കട്ട, ബോംബെ ഹൈക്കോടതികളിലുള്ള ഹർജികളിലെ നടപടികൾക്ക് സ്റ്റേ

ഗ്രേസ് മാർക്ക് റദ്ദാക്കിയ1563 വിദ്യാർത്ഥികൾക്ക് ജൂൺ 23ന് വീണ്ടും പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും തള്ളി

നെറ്റ് ചോദ്യങ്ങൾ

ടെലഗ്രാമിൽ

18ന് നടന്ന യു.ജി.സി നെറ്റിന്റെ ചോദ്യപേപ്പർ 16 മുതൽ ടെലഗ്രാം, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ചോർന്നത് യഥാർത്ഥ ചോദ്യപേപ്പറാണെന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിച്ചു. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം യൂണിറ്റ് റിപ്പോർട്ട് ചെയ്‌തതോടെയാണ് പരീക്ഷ റദ്ദാക്കിയത്.

''മോദിക്ക് യുക്രെയിൻ യുദ്ധം നിറുത്തിക്കാൻ ഇടപെടാനാകുമെന്ന് പറഞ്ഞുകേട്ടു. പക്ഷേ, ചോദ്യപേപ്പർ ചോർച്ച തടയാനാവില്ല. ബി.ജെ.പി ശക്തികേന്ദ്രങ്ങളായ ഗുജറാത്തും മദ്ധ്യപ്രദേശുമാണ് ചോർച്ചയുടെ പ്രഭവകേന്ദ്രം.

-രാഹുൽ ഗാന്ധി

Advertisement
Advertisement