കേജ്‌രിവാളിന് ജാമ്യം; ഇന്ന് മോചിതനാകും

Friday 21 June 2024 4:36 AM IST

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആംദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തിലാണ് മോചനം. ജാമ്യം 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്‌ജ് നിയയ് ബിന്ദു തള്ളി. കേജ്‌രിവാൾ ഇന്ന് ജയിൽ മോചിതനായേക്കും.

മാർച്ച് 21ന് ഇ.ഡി അറസ്റ്റു ചെയ്‌ത കേജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മേയിൽ സുപ്രീംകോടതി 20 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് ജയിലിൽ തിരിച്ചെത്തി. മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ തന്റെ കക്ഷി പ്രതിയല്ലെന്നും മാപ്പുസാക്ഷിയായവർ നൽകിയ മൊഴികൾ അവിശ്വസനീയമാണെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി വാദിച്ചു.

കേജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ പാസ്‌വേർഡ് നൽകുന്നില്ലെന്നും ഇ.ഡി വാദിച്ചു. സർക്കാരുമായി ബന്ധമില്ലാത്ത വിജയ് നായരെ കേജ്‌രിവാൾ ഇടനിലക്കാരനായി ഉപയോഗിച്ചെന്നും മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 100 കോടിരൂപ ആവശ്യപ്പെട്ടെന്നുമടക്കം വാദങ്ങളും ഇ.ഡി ഉന്നയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.

Advertisement
Advertisement