ഐസ്ക്രീമിൽ കണ്ട വിരൽ 24കാരന്റേത്?

Friday 21 June 2024 1:06 AM IST

മുംബയ്: മലാഡിൽ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ മനുഷ്യ വിരലിന്റെ ഭാഗം കണ്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേയ് 11ന് ഐസ്ക്രീം കമ്പനിയായ യെമ്മോയുടെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ, ജീവനക്കാരന്റെ കൈക്ക് പരിക്കേറ്റതായി നേരത്തെ കണ്ടെത്തിയിരുന്നു.

അസിസ്റ്റന്റ് പാക്കിംഗ് മാനേജരായ ഓംകാർ പോട്ടെ എന്ന 24 കാരന്റെ നടുവിരൽ ഫ്രൂട്ട് ഫീഡർ മെഷിനിൽ കുടുങ്ങുകയായിരുന്നു. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയ ചേരുവകൾ ഐസ്ക്രീമിൽ ചേർക്കാനായി നുറുക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണിത്. ഇവ സൂക്ഷിച്ചിരുന്ന പാത്രത്തിന്റെ അടപ്പ് ഉള്ളിൽ വീണ് മെഷിൻ പ്രവർത്തന രഹിതമായി. ഇത് എടുക്കാനുള്ള ശ്രമത്തിനിടെ പോട്ടെയുടെ വലതു കൈയിലെ നടുവിരൽ മുറിയുകയായിരുന്നു.

അപകടത്തിനു പിന്നാലെ മെഷിൻ ഓഫ് ചെയ്യുകയും തൊഴിലാളിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി കമ്പനി അധികൃതർ പറയുന്നു. മെഷിൻ വൃത്തിയാക്കിയ ശേഷമാണ് പിന്നീട് പ്രവർത്തിപ്പിച്ചത്. എന്നാൽ പോട്ടെയുടെ കൈക്ക് ഏറ്റ പരിക്കും ഐസ്ക്രീമിൽനിന്ന് കിട്ടിയ വിരൽ ഭാഗവും ഒത്തുപോകുന്നില്ലെന്നും കമ്പനി അധികൃതർ പറയുന്നു. നിലവിൽ ഇത് ഡി.എൻ.എ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നശേഷം മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറയുന്നു.

Advertisement
Advertisement