പാക് ബ്രിഗേഡിയറെ അജ്ഞാതർ വധിച്ചു

Friday 21 June 2024 7:17 AM IST

കറാച്ചി: 2018ൽ ജമ്മു കാശ്മീരിലെ സുൻജവാൻ ആർമി ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ റിട്ട. പാകിസ്ഥാനി ബ്രിഗേഡിയർ അമീർ ഹംസയെ അജ്ഞാതർ വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രി പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ബൈക്കുകളിലായെത്തിയ നാല് അജ്ഞാതരാണ് കൊലയ്ക്ക് പിന്നിൽ. സംഭവ സമയം ഭാര്യയ്ക്കും മകൾക്കുമൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ഹംസ. ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റിട്ടുണ്ട്. പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ (ഐ.എസ്.ഐ)​ പ്രവർത്തകൻ കൂടിയായിരുന്നു ഹംസ. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പാകിസ്ഥാനിലെ എമർജൻസി സർവീസസ് അക്കാഡമിയുടെ മുൻ ഡയറക്ടറാണ് ഇയാൾ. നിരവധി ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. അതേ സമയം,​ പാകിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെട്ട സുൻജവാൻ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ടാമത്തെയാളാണ് ഹംസ. ലഷ്‌‌കറെ ത്വയ്ബ ഭീകരൻ ഖ്വാജ ഷാഹിദിന്റെ മൃതദേഹം കഴിഞ്ഞ വർഷം അതിർത്തി മേഖലയിൽ തലയറുത്ത നിലയിൽ കണ്ടെത്തിയിരുന്നു. സുൻജവാൻ ഭീകരാക്രമണത്തിൽ 6 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

കഴിഞ്ഞ വർഷം മുതൽ ഒരു ഡസനിലേറെ ഇന്ത്യാ വിരുദ്ധ തീവ്രവാദികളാണ് പാകിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടത്. 2015ലെ ഉദ്ദംപ്പൂർ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ലഷ്‌‌കർ ഭീകരൻ അദ്നാൻ അഹ്‌മ്മദ് മുതൽ പത്താൻകോട്ട് ഭീകരാക്രമണത്തിന് പിന്നിലെ ജയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് വരെ കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

Advertisement
Advertisement