ശ്രീലങ്കയിൽ മാരിടൈം റെസ്‌ക്യൂ സെന്റർ ഉദ്ഘാടനം ചെയ്‌ത് എസ്. ജയശങ്കർ

Friday 21 June 2024 7:17 AM IST

കൊളംബോ : ശ്രീലങ്കയിൽ ഇന്ത്യയുടെ 50.16 കോടി രൂപ സഹായത്തിൽ നിർമ്മിച്ച മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും. കൊളംബോയിലെ പ്രസിഡൻഷ്യൽ പാലസിൽ വെർച്വലായിട്ടായിരുന്നു ചടങ്ങ്. ഇന്ത്യയുടെ സഹായത്തോടെ കാൻഡി അടക്കം മൂന്ന് ജില്ലകളിൽ നിർമ്മിച്ച 154 വീടുകളുടെ സമർപ്പണവും ഇരുവരും വെർച്വലായി നിർവഹിച്ചു.

വീണ്ടും വിദേശകാര്യ മന്ത്രി പദത്തിലെത്തിയ ശേഷം ജയശങ്കർ ഇന്ത്യയ്ക്ക് പുറത്തേക്ക് നടത്തിയ ആദ്യ ഉഭയകക്ഷി സന്ദർശനമായിരുന്നു ഇത്. കൊളംബോയിലെ നേവി ആസ്ഥാനത്താണ് മാരിടൈം സെന്ററിന്റെ പ്രധാന കേന്ദ്രം. ഹാംബൻതോട്ടയിൽ സബ് സെന്ററും ഗാലെ, അരുഗം ബേ, ബട്ടിക്കലോവ, ട്രിങ്കോമാലി, കല്ലാരവ, പോയിന്റ് പെഡ്രോ, മൊള്ളികുളം എന്നിവിടങ്ങളിൽ വിദൂര പ്ലാറ്റ്ഫോമുകളുമുണ്ട്.

ഊർജം, വൈദ്യുതി, കണക്ടിവിറ്റി, തുറമുഖ വികസനം, ഏവിയേഷൻ, ഡിജിറ്റൽ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വിഷയങ്ങളിലെ ഉഭയകക്ഷി സഹകരണം ജയശങ്കർ - വിക്രമസിംഗെ കൂടിക്കാഴ്ചയിൽ ചർച്ചയായി. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർദ്ധനെ, വിദേശകാര്യ മന്ത്രി അലി സാബ്രി, മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സ എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Advertisement
Advertisement