ഫിലിപ്പീൻസ് നാവികസേനയെ ആക്രമിച്ച് ചൈന

Friday 21 June 2024 7:17 AM IST

മനില: ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസ് നാവികസേനയെ ആക്രമിച്ച് ചൈന. എട്ട് ഫിലിപ്പീൻസ് സൈനികർക്ക് പരിക്കേറ്റു. എട്ടിലേറെ മോട്ടോർ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്​റ്റ് ഗാർഡ് അംഗങ്ങൾ ഫിലിപ്പീൻസ് നേവി ബോട്ടുകൾക്ക് നേരെ പാഞ്ഞടുത്തു. ഫിലിപ്പീൻസ് നേവി അംഗങ്ങളെ ചൈനീസ് കോസ്​റ്റ് ഗാർഡ് കത്തി,​ മഴു,​ ചുറ്റിക തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചു. തിങ്കളാഴ്ച സെക്കൻഡ് തോമസ് ഷോൾ ദ്വീപിലുണ്ടായിരുന്ന സഹപ്രവർത്തകർക്ക് ആയുധങ്ങളും ഭക്ഷണവും മറ്റും എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ ആക്രമണമുണ്ടായതെന്ന് ഫിലിപ്പീൻസ് നേവി പറയുന്നു. ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശമാണിത്. ഫിലിപ്പീൻസ് ബോട്ടുകളെ പിന്തുടർന്ന ചൈനീസ് കോസ്​റ്റ് ഗാർഡ് അംഗങ്ങൾ ബോട്ടുകൾ തമ്മിൽ ഇടിപ്പിക്കുകയും വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. ഇതിനിടെ ചൈനീസ് കോസ്​റ്റ് ഗാർഡ് അംഗങ്ങൾ ഫിലിപ്പീൻസ് ബോട്ടുകളിലേക്ക് നുഴഞ്ഞുകയറി റൈഫിളുകളും മറ്റും പിടിച്ചെടുത്തു. മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതാണ് പുതിയ സംഭവം.

Advertisement
Advertisement