ഇറ്റലിയിൽ ഇന്ത്യൻ ഫാം ജീവനക്കാരന് ദാരുണാന്ത്യം

Friday 21 June 2024 7:17 AM IST

റോം : ഇറ്റലിയിൽ ഫാം ജീവനക്കാരനായിരുന്ന ഇന്ത്യക്കാരന് ദാരുണാന്ത്യം. റോമിന് തെക്കുള്ള ലാ​റ്റിനയിലെ ഫാമിൽ ജോലി ചെയ്തിരുന്ന സത്‌നം സിംഗ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കിടെ വൈക്കോൽ മുറിക്കുന്ന യന്ത്രത്തിൽ കുടുങ്ങി സത്‌നമിന്റെ കൈ അറ്റുപോയി. ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം സത്‌നമിനെ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള റോഡരികിൽ ഉപേക്ഷിച്ച് തൊഴിലുടമകൾ കടന്നുകളയുകയായിരുന്നു. മൂന്ന് വർഷം മുമ്പ് ഭാര്യയ്ക്കൊപ്പമാണ് സത്‌നം ഇറ്റലിയിലെത്തിയത്. ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സത്‌നമിനെ റോമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരണപ്പെട്ടു.

സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടെന്നും കുടുംബത്തിന് വേണ്ട എല്ലാ സഹായവും ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു. ഇറ്റാലിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement