"കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുന്നു"; ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി

Friday 21 June 2024 8:31 AM IST

ശ്രീനഗർ: ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സമ്പദ്‌മേഖലയ്‌ക്ക് മുതൽക്കൂട്ടാകുന്നു. കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുന്നു. അന്താരാഷ്ട്ര സർവകലാശാലകളിൽ യോഗയെ കുറിച്ച് ഗവേഷണ പഠനങ്ങൾ വരെ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും മോദി വ്യക്തമാക്കി. ശ്രീനഗറിൽ വച്ചാണ് മോദി ഇത്തവണത്തെ യോഗാ ദിനം ആഘോഷിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഏഴായിരം പേർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു ആസൂത്രണം ചെയ്‌തത്.

രാവിലെ ആറരയ്‌ക്ക് പരിപാടി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കനത്ത മഴയെത്തുടർന്ന് പരിപാടി തുടങ്ങാൻ വൈകി. മാത്രമല്ല പരിപാടി ഒരു ഹാളിലേക്ക് മാറ്റുകയും ചെയ്‌തു.

'പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്ന വേളയിൽ, യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. യോഗ ശക്തിയും നല്ല ആരോഗ്യവും നൽകുന്നു. ശ്രീനഗറിൽ ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.'- എന്നാണ് നരേന്ദ്ര മോദി എക്സിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ജമ്മു കാശ്‌മീരിലെത്തിയത്. ഇവിടെ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരു സംസ്ഥാനമെന്ന നിലയിൽ ജനങ്ങൾ സ്വന്തം ഭാവി രൂപപ്പെടുത്തുന്ന ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തലസ്ഥാനമായ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (എസ്‌.കെ.ഐ.സി.സി) ‘യുവജനങ്ങളെ ശാക്തീകരിക്കുക, ജമ്മു കശ്മീരിനെ മാറ്റുക’ എന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

ജമ്മു കാശ്മീരിലെ ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സ്വന്തം പ്രതിനിധികൾ വഴി അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. നിങ്ങളുടെ സ്വന്തം വോട്ടിനാൽ ജമ്മു കശ്മീരിലെ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ലെന്നും മോദി പറഞ്ഞു.

Advertisement
Advertisement