'തനിച്ചുവരണം, ആരെയും ഒപ്പം കൂട്ടരുത്', പ്രമുഖ നടന്റെ ആവശ്യം അതായിരുന്നു; 18-ാം വയസിൽ ഉണ്ടായത് മറക്കാൻ പറ്റാത്തത്

Friday 21 June 2024 10:28 AM IST

2000ൽ ഹൃത്വിക് റോഷൻ നായകനായെത്തിയ 'ഫിസ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയ തമിഴ് നടിയാണ് ഇഷ കോപ്പിക്കർ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയായിരിക്കുന്നത്. ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ സിദ്ധാർത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തൽ.

18-ാം വയസിൽ സിനിമയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തെത്തിയ ആദ്യ നാളുകളിലാണ് മോശം അനുഭവങ്ങൾ ഉണ്ടായതെന്ന് താരം പറഞ്ഞു. 'ഞാനിത് പറഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും എന്നതുകൊണ്ടല്ല. ഞാൻ സിനിമയിൽ എത്തിയ സമയത്ത് തന്നെ മി ടൂവിനെ തുടർന്ന് നിരവധി നായികമാർ ഈ മേഖല വിട്ട് പോയിരുന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് അവരെല്ലാം തിരികെ പോയത്. എന്നാൽ ഞാനുൾപ്പടെ ചില നടിമാർ സിനിമയിൽ പിടിച്ചുനിന്നു. പലതും തീരുമാനിക്കുന്നത് സിനിമയിൽ അഭിനയിക്കുന്ന നായകൻമാരും മ​റ്റ് നടൻമാരുമാണ്.

മീ ടൂ പോലുളളവ എന്നെ സംബന്ധിച്ച് വലിയ പ്രശ്നങ്ങളായിരുന്നു. എനിക്ക് 18 വയസുളളപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. ഒരു സിനിമയുടെ നടനും അദ്ദേഹത്തിന്റെ സെക്രട്ടറിയും കാസ്​റ്റിംഗ് കൗച്ചിനായി എന്നെ സമീപിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം വേണമെങ്കിൽ മ​റ്റുളള അഭിനേതാക്കളുമായി നന്നായി ഇടപഴകണമെന്നാണ് അവർ പറഞ്ഞത്. ഞാനെല്ലാവരോടും സൗഹൃദത്തോടെയാണ് പെരുമാറുന്നത്. പക്ഷെ അവർ ഉദ്ദേശിച്ച പെരുമാ​റ്റം എന്താണെന്ന് മനസിലായില്ല. സംവിധായികയായ എക്ത കപൂറുമായും ഞാൻ വളരെ നല്ല സൗഹൃദത്തിലായിരുന്നു.

എനിക്ക് 23 വയസുളളപ്പോഴും ഒരു സംഭവമുണ്ടായി. തനിച്ചുവന്നുകാണാൻ ഒരു നടൻ എന്നോട് ആവശ്യപ്പെട്ടു. ഡ്രൈവറിനെപ്പോലും ഒപ്പം കൂട്ടരുതെന്ന് അന്ന് അദ്ദേഹം പറഞ്ഞു. ആ സമയങ്ങളിൽ അദ്ദേഹത്തെയും ചില നടിമാരെയും ചേർത്ത് ഒരുപാട് തെ​റ്റായ വാർത്തകൾ കേട്ടിരുന്നു. അതിനാൽത്തന്നെ ഞാൻ അദ്ദേഹത്തെ കാണാൻ വിസമ്മതിച്ചു. പ്രമുഖ നടൻമാരിലൊരാളായിരുന്നു അത്. പല നടൻമാരുടെ സെക്രട്ടറിമാരും സംവിധായകൻമാരും തെ​റ്റായ ഉദ്ദേശത്തോടുകൂടി എന്നെ സ്പർശിക്കുകയും സമീപിക്കുകയും ചെയ്തിട്ടുണ്ട്'- താരം പറഞ്ഞു.

ഡർന മന ഹേ, പിഞ്ചാർ.എൽഒസി കാർഗിൽ, കൃഷ്ണ കോട്ടേജ്, തുടങ്ങിയ ചിത്രങ്ങളിലും ഇഷ കോപ്പിക്കർ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. കൂടാതെ ഡോൺ, കാന്റെ തുടങ്ങിയ ചിത്രങ്ങളിലെ പാട്ട് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement